Latest NewsKerala

‘സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വേണ്ട’!  തുക സ്വീകരിക്കരുതെന്ന് മേല്‍ശാന്തിമാര്‍ക്ക് ദേവസ്വത്തിന്റെ നിര്‍ദ്ദേശം

തൃശ്ശൂര്‍: ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി എം പി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലാണ് സുരേഷ് ഗോപി 1000 ഒരു രൂപ നോട്ടുകള്‍ നല്‍കിയത്. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് വിലക്കി. ഈ തുകയില്‍ നിന്നും ഒരാള്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ കൈനീട്ടം കിട്ടിയതായി പലരും പറയുന്നുണ്ട്.

വിഷുക്കൈനീട്ടത്തെ മറയാക്കി സുരേഷ് ഗോപി രാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.ഐ എം.എല്‍.എ പി ബാലചന്ദ്രന്‍ വിമര്‍ശിച്ചു. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടു പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് പൊതു സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നല്‍കിയിരുന്നു. പക്ഷേ, ഈ ക്ഷേത്രങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്. താന്‍ നല്‍കുന്ന പണത്തില്‍ നിന്നും കൈനീട്ടം കൊടുക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേല്‍ശാന്തിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളില്‍ നല്‍കിയത്.

കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ബോര്‍ഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ‘ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു’ എന്ന് മാത്രമാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ മറ്റ് ക്ഷേത്രങ്ങളിലും സുരേഷ് ഗോപി കൈനീട്ടത്തിനുള്ള പണം നല്‍കാന്‍ സാധ്യതയുള്ളതിനാലാണ് ബോര്‍ഡിന്റെ വിലക്ക്. പ്രശ്നം ഗൗരവമായാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button