Latest NewsNewsIndia

‘ഇതല്ല ജനാധിപത്യം’: കേന്ദ്രത്തെ വിമർശിച്ച് വാദ്ര, രാഷ്ട്രീയ അങ്കത്തട്ടിലേക്കുള്ള എൻട്രി ഉടൻ? അണിയറയിലെ കളികൾ ഇങ്ങനെ

ഭോപ്പാൽ: ജനങ്ങൾക്ക് തന്നെ വേണമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മുൻപ് പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് വാദ്ര വീണ്ടും ആവർത്തിക്കുകയാണ്. യു.പി അടക്കമുള്ള ഇടങ്ങളിലെ തോൽവിക്ക് ശേഷം, കോൺഗ്രസ് ക്ഷീണത്തിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശങ്ങൾ ഇതിന്റെ ഉദാഹരണമാണ്.

പിറന്നുവീണത് അധികാരത്തിന് നാടുവിലായിട്ട് പോലും അതിനോട് താൽപ്പര്യമില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ ചർച്ചകൾ കോൺഗ്രസ് പാളയത്തിൽ നടക്കുന്നതിനിടെയാണ്, ‘ജനങ്ങൾക്ക് വേണമെങ്കിൽ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാം’ എന്ന പ്രഖ്യാപനം റോബർട്ട് വാദ്ര നടത്തിയത്.

Also Read:ലഹരിസംഘത്തിന്റെ ഇടത്താവളമായി പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍‍: നാട്ടുകാര്‍ ഭീതിയില്‍

‘അധികാരം വലിയ ഉത്തരവാദിത്തം ആണ്. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞാൻ രാഷ്ട്രീയം മനസ്സിലാക്കുന്നു, ഞാൻ അവരെ പ്രതിനിധീകരിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് നല്ല മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഞാൻ തീർച്ചയായും രാഷ്ട്രീയത്തിലേക്കിറങ്ങും’, ഡൽഹിയിലേക്ക് പറക്കുന്നതിന് മുമ്പ് ഇൻഡോറിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ഹ്രസ്വ സംഭാഷണത്തിലായിരുന്നു വാദ്രയുടെ പ്രഖ്യാപനം. ഉജ്ജയിനിലെ ലോകപ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമായിരുന്നു വാദ്രയുടെ പരാമർശം.

ബി.ജെ.പി ഭരണത്തെ കുറിച്ച് ചോദിച്ചപ്പോൾ സത്യം മാധ്യമങ്ങൾ മറച്ചുവെയ്ക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ‘രാഷ്ട്രീയവും രാജ്യവും രണ്ടും മാറുകയാണ്. എന്നാൽ, രാജ്യം മാറുന്ന രീതി നിങ്ങളെ പരിഭ്രാന്തരാക്കുന്നു. മാധ്യമങ്ങൾ സത്യം പറയാൻ ഭയപ്പെടുന്നു. ഇതല്ല, യഥാർത്ഥ ജനാധിപത്യം. അടുത്തിടെ നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനത്തിൽ നിരാശയില്ല. പ്രിയങ്കയുടെ ശ്രമങ്ങളിൽ നിരാശയില്ല. അവരുടെ ശ്രമങ്ങൾക്ക് 10/10 മാർക്കും നൽകും’, വാദ്ര പറയുന്നു.

Also Read: കർഷകൻ്റെ ആത്മഹത്യ: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

നേരത്തെ, ഉജ്ജയിനിൽ പ്രാർത്ഥന നടത്തിയ ശേഷം, കമൽനാഥിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാർ ഉജ്ജയിനിയിൽ മഹാകൽ ക്ഷേത്രത്തിനായി മികച്ച പ്രവർത്തനം നടത്തിയെന്നും എന്നാൽ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്നും വദ്ര പറഞ്ഞു. നമ്മുടെ സർക്കാർ ആരംഭിച്ച പ്രവർത്തനങ്ങൾ കൊണ്ടാണ് ഇവിടെ മാറ്റം വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചില രാഷ്ട്രീയക്കാർക്ക് അധികാരം നേടി ശക്തരാകുന്നതിൽ മാത്രമാണ് താൽപ്പര്യമെന്നും തനിക്ക് അതിലൊന്നും താല്പര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞത്, മറ്റ് ചില ഉദ്ദേശത്താൽ ആണോയെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ‘അധികാരത്തിന്റെ കേന്ദ്രത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ, സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് അതിൽ താൽപ്പര്യമില്ല. പകരം, ഞാൻ രാജ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്’, എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. വാദ്രയ്ക്ക് വഴിയൊരുക്കുകയാണോ രാഹുൽ ഗാന്ധിയെന്നും, കോൺഗ്രസ് ഭാവിയിൽ വാദ്രയെ തങ്ങളുടെ നായകനായി വാഴ്ത്തുമോയെന്നും തുടങ്ങിയ ചർച്ചകളും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button