ബംഗളൂരു: ഉറുദ്ദു സംസാരിച്ചില്ലെന്നാരോപിച്ച് മൂവർ സംഘം യുവാവിനെ കൊലപ്പെടുത്തി. ജയ്മാരുതി നഗർ സ്വദേശി ചന്ദ്രു എന്ന 22 കാരനായ യുവാവ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ജെ.ജെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ, ഷാഹിദ് പാഷ (21), ഷാഹിദ് ഗോലി (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം, പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു.
തിങ്കളാഴ്‌ച സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു ചന്ദ്രു. ഹലെഗുഡ്ഡഡഹള്ളിയിലൂടെ കടന്നുപോകുമ്പോൾ ചന്ദ്രുവിന്റെ ബൈക്ക് അറിയാതെ, തൊട്ട് മുൻപിൽ സഞ്ചരിക്കുകയായിരുന്ന ഷാഹിദ് പാഷയുടെ ബൈക്കിൽ തട്ടി. ബൈക്ക് യാത്രികനായ ഷാഹിദ് പാഷ ചന്ദ്രുവുമായി വഴക്കിട്ടു.
Also Read:കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കസ്തൂരി ന്യൂസ് റിപ്പോർട്ട് പ്രകാരം, ഷാഹിദ് പാഷയ്‌ക്കൊപ്പം മറ്റ് ചില കൂട്ടാളികളും ഉണ്ടായിരുന്നു. ചന്ദ്രു അവരോട് കന്നഡയിലായിരുന്നു സംസാരിച്ചിരുന്നത്. കന്നഡ സംസാരിക്കാതെ, ഉറുദ്ദുവിൽ സംസാരിക്കാൻ ഇവർ ചന്ദ്രുവിനോട് ആവശ്യപ്പെട്ടു. എന്നാൽ, ചന്ദ്രു ഇതിന് തയ്യാറായില്ല. ഇതോടെ, വാക്ക് തർക്കം കത്തിക്കുത്തിലേക്ക് അവസാനിക്കുകയായിരുന്നു. ഷാഹിദ് പാഷയും സുഹൃത്തുക്കളും ചേർന്ന് വാളും കത്തിയും കാണിച്ച് ചന്ദ്രുവിനെ ആദ്യം ഭീഷണിപ്പെടുത്തി. ശേഷം, അവിടെ വെച്ച് തന്നെ ക്രൂരമായി കുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുമുണ്ട്.
ആദ്യ കുത്തിൽ പരിക്കേറ്റപ്പോൾ തന്നെ, ചന്ദ്രു തന്നെ വിട്ടയക്കണമെന്ന് പ്രതികളോട് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, പാഷയും കൂട്ടാളികളും ഇതിന് തയാറായില്ല. ഇവർ ചന്ദ്രുവിനെ വീണ്ടും വീണ്ടും ആഞ്ഞു കുത്തി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
Also Read:സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല
ഷാഹിദ്, ചന്ദ്രുവിന്റെ വലത് തുടയിൽ കുത്തിയെന്നും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ബംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ട്വീറ്റ് ചെയ്തിരുന്നു. ചന്ദ്രു ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടയാളാണെന്നും, സുഹൃത്ത് സൈമൺ രാജിനൊപ്പം മൈസൂർ റോഡിലെ ഒരു ഭക്ഷണശാലയിൽ പോകവെയാണ് അപകടമെന്നുമായിരുന്നു പോലീസ് ആദ്യം സ്ഥിരീകരിച്ചത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഉറപ്പ് നൽകി, മണിക്കൂറുകൾക്കകം പോലീസിന് പ്രതികളെ പിടികൂടാനായി.
Post Your Comments