Latest NewsNewsIndia

മുംബൈ ഭീകരാക്രമണ കേസ് : മുഖ്യസൂത്രധാരൻ തഹാവൂര്‍ റാണയെ ഡൽഹിയിലെത്തിച്ചു 

ഭീകരനെ കനത്ത സുരക്ഷയില്‍ എന്‍ ഐ എ ആസ്ഥാനത്തേക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലും ഹാജരാക്കി തിഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഡൽഹിയിലെത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചക്ക് മൂന്നോടെയാണ് ഡല്‍ഹിയിലെ പാലം വ്യോമ താവളത്തില്‍ എത്തിച്ചത്.

കനത്ത സുരക്ഷയില്‍ എന്‍ ഐ എ ആസ്ഥാനത്തേക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലും ഹാജരാക്കി തിഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. വൻ സുരക്ഷാ സന്നാഹമാണ് വിമാനത്താവളത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ എത്തിക്കുന്ന റാണയെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി റാണയെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും. 2019ലാണ് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്.

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീം കോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.

ഡൊണള്‍ഡ് ട്രംപ്- നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഇയാളെ കൈമാറുന്ന വിഷയം ചര്‍ച്ചയായിരുന്നു ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ അമേരിക്കയിലെ വിവിധ കോടതികളില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറില്‍ റാണ അമേരിക്കന്‍ സുപ്രീം കോടതിയെ സമീപിച്ചു.

2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button