മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സണ്‍റൈസേഴ്സ് താരം. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഈ യുവ ഫാസ്റ്റ് ബൗളര്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്കാണ് വേഗതയേറിയ ബോളെറിഞ്ഞത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സസിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് താരത്തിന്റെ പ്രകടനം.
മല്‍സരത്തിന്റെ 14-ാം ഓവറിലായിരുന്നു വേഗതയേറിയ ബോള്‍ പിറന്നത്. ഓവറിലെ നാലാമത്തെ ബോളായിരുന്നു ഇത്. മണിക്കൂറില്‍ 152.4 കി.മീയായിരുന്നു ബോളിന്റെ വേഗത. ദീപക് ഹൂഡയായിരുന്നു പന്ത് നേരിട്ടത്. മിന്നല്‍ പേസ് മുതലാക്കി ഹൂഡ മാലിക്കിന്റെ ബോള്‍ ബൗണ്ടറി കടത്തി.
ഈ മല്‍സരത്തിലെ വേഗമേറിയ അഞ്ചു ബോളുകളും മാലിക്കിന്റെ വകയായിരുന്നു. 151.8 കി.മീ, 151.2 കി.മീ, 150.1 കി.മീ, 149.5 കി.മീ എന്നിങ്ങനെയായിരുന്നു മറ്റ് നാലു മാലിക്കിന്റെ ബോളുകളുടെ വേഗത. എന്നാൽ, മികച്ച വേഗത്തില്‍ പന്തെറിഞ്ഞെങ്കിലും, മല്‍സരത്തില്‍ മാലിക്കിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. മൂന്നോവറില്‍ താരം 39 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
Post Your Comments