ചെങ്ങന്നൂര്‍: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ചെങ്ങന്നൂരിലെ വിവിധയിടങ്ങൾ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. പിണറായിയെ വിശ്വാസമുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക കിട്ടിയിരിക്കുമെന്നും സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരുമെന്നും പദ്ധതി പ്രദേശത്തെ കൊഴുവല്ലൂർ തൈവിളമോടിയിൽ തങ്കമ്മയുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് സജി ചെറിയാൻ പറഞ്ഞു. ഞാൻ എവിടെ പോകണം? എന്ന തങ്കമ്മയുടെ ചോദ്യത്തിന് സജി ചെറിയാന്റെ മറുപടി ഇങ്ങനെ.
‘അമ്മാമ്മ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അമ്മാമ്മ ഇവിടെ താമസിക്കും. ഇല്ലെങ്കിൽ, അങ്ങോട്ട് മാറി വീട് വച്ച് താമസിക്കും. ഈ സർക്കാരിനെ വിശ്വാസമുണ്ടോ? പിണറായിയെ വിശ്വാസമുണ്ടോ? പൈസ കിട്ടിയിരിക്കും. കണ്ടോ ഈ അമ്മാമ്മയാണ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞത്. ഇതെല്ലാം രാഷ്ട്രീയമാണ്. നാലിരട്ടി വില തരും. സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരും.’
കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെ റെയിൽ സര്‍വ്വേ കല്ല് തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടതിന് ശേഷമാണ് മന്ത്രി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ വീഡിയോ സജി ചെറിയാൻ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏത് വികസന പദ്ധതി വരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ആശങ്ക സ്വാഭാവികമാണെന്നും അത് വസ്തുതകൾ പറഞ്ഞുകൊണ്ട് പരിഹരിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാൽ, ജനങ്ങളുടെ വൈകാരികതയെ മുതലെടുത്ത് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് കോൺഗ്രസും ബിജെപിയും മറ്റ് തട്ടിക്കൂട്ട് സംഘടനകളും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയോടുള്ള എതിർപ്പല്ല, ഇടതുപക്ഷ വിരോധം മാത്രമാണ് ഇവർക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments