മുംബൈ: ഐപിഎല്‍ 15-ാം സീസണിന് ഇന്ന് മുംബൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ശക്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. എന്നാൽ, ആദ്യ മത്സരത്തിനിറങ്ങുന്ന ചില ടീമുകള്‍ പ്രതിസന്ധിയിലാണ്. മെഗാതാരലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയെങ്കിലും വിദേശികളുടെ കാര്യത്തില്‍ ആദ്യ മത്സരങ്ങളിൽ ആശങ്കയിലാണ് പല ഐപിഎൽ ടീമുകളും.
ഡൽഹി ക്യാപിറ്റല്‍സിന്‍റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും പ്രധാന താരങ്ങളൊന്നും ആദ്യ മത്സരങ്ങളിലുണ്ടാകില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസ് ഇത്തവണ കിരീടമുറപ്പിക്കാൻ കരുത്തരെ തന്നെയാണ് അണിനിരത്തുന്നത്. ഓപ്പണിംഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണറിന് പകരക്കാരനെ തേടേണ്ടതുണ്ട്.
ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ് മൂന്ന് മത്സരങ്ങളിലുണ്ടാകില്ല. ബംഗ്ലാദേശിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം നടക്കുന്നതിനാൽ, ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ എന്നീ വിദേശ താരങ്ങളെയും ആദ്യ മത്സരത്തിൽ ഡൽഹിക്ക് ഇറക്കാനാകില്ല. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയയും തുടക്കത്തിൽ പുറത്തിരിക്കും.
പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിലെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല. പാകിസ്ഥാനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര കഴിയുന്നത് വരെ ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.
പഞ്ചാബ് കിംഗ്‌സിനും പ്രധാന വിദേശതാരങ്ങളുടെ അഭാവം തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിനുണ്ടാകില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കില്ല.
പരിക്കേറ്റ മാർക്ക് വുഡിന് പകരം ആൻഡ്രൂ ടൈയെ ടീമിലെത്തിച്ചെങ്കിലും ആദ്യ ആഴ്‌ച ലഖ്‌നൗ ടീമിനും തലവേദനയാണ്. മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൈൽ മയേഴ്‌സ് എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തിൽ ഇറക്കാനാകില്ല.
Post Your Comments