മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ഭാര്യയുടെ സഹോദരൻ ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. ഉദ്ധവ് താക്കറെയുടെ ഭാര്യയുടെ സഹോദരനാണ് ശ്രീധര്‍ മാധവ്. ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനിയില്‍ നിന്നുള്ള ഫണ്ട് സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ടുകളില്‍ നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നവാബ് മാലിക്.
ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം, അഞ്ച് വര്‍ഷം മുന്‍പ് ഇഡി എന്തായിരുന്നെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നെന്നും ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യമാണെന്നും എന്‍പിസി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു.
Post Your Comments