അപമാനിക്കപ്പെടുകയാണെങ്കിൽ ബിജെപി വിടാൻ(Leave BJP) കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് വീണ്ടും ആവശ്യപ്പെട്ട് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. ‘അഴിമതി ആരോപണത്തിൻ്റെ പേരിൽ ബിജെപി ഒരിക്കൽ ലക്ഷ്യമിട്ടിരുന്ന മുൻ കോൺഗ്രസ് നേതാവായ കൃപാശങ്കർ സിങ്ങിനെപ്പോലുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. എന്നാൽ ഗഡ്കരിയുടെ പേര് കാണാനില്ല.
രണ്ട് ദിവസം മുമ്പ് ഞാൻ ഇത് ഗഡ്കരിയോട് പറഞ്ഞിരുന്നു. ഇത് വീണ്ടും ആവർത്തിക്കുകയാണ്. നിങ്ങളെ അപമാനിക്കുകയാണെങ്കിൽ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തിൽ ചേരുക. നിങ്ങളുടെ വിജയം ഉറപ്പാക്കൂ. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളെ മന്ത്രിയാക്കും.’ അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പുസാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ. കഴിഞ്ഞയാഴ്ച, പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗഡ്കരിയോട് താക്കറെ ആവശ്യപ്പെട്ടതിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു.
യുഎസ് പ്രസിഡൻ്റാകാൻ തെരുവിലെ മനുഷ്യൻ ആരെയെങ്കിലും വാഗ്ദാനം ചെയ്യുന്നതുപോലെയാണെന്ന് പറഞ്ഞായിരുന്നു സേന തലവനെ ഫഡ്‌നാവിസ് പരിഹസിച്ചത്. ഗഡ്കരി ബിജെപിയുടെ പ്രമുഖ നേതാവാണ്. എന്നാൽ ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതിനാൽ ആദ്യ പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പേരുകൾ ഉണ്ടായിരുന്നില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
Post Your Comments