ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. പ്രദേശവാസികൾക്കെല്ലാം ഫൈസലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളു. ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ ആരും കണ്ടിട്ടില്ല. അയല്‍ക്കാരുമായൊക്കെ നല്ല ബന്ധമായിരുന്നു ഇവർക്ക്. ഏറ്റവും ദുഃഖം തൊട്ടടുത്ത് താമസിക്കുന്ന രാഹുൽ രാജിനാണ്. രാഹുലിന്റെ തൊട്ടരികിൽ കിടന്നാണ് ഇവർ വെന്തുമരിച്ചത്. രക്ഷിക്കാനായി ഓടിയെത്തിയിട്ടും, അവരെ മരണം കവർന്നതിന്റെ നിരാശയിലാണ് അയൽവാസിയായ രാഹുൽ രാജ്.
ഇന്നലെ വരെ കളിച്ച് ചിരിച്ച് നടന്നിരുന്ന, സ്വന്തം മക്കളെ പോലെ തന്നെ കണ്ടിരുന്ന ആ കുരുന്നുമക്കൾ ഇനിയില്ലെന്ന തിരിച്ചറിവ് രാഹുലിനെ തളർത്തുന്നു. ‘ഫൈസിക്കായും മെഹറിനും അസ്നയുമൊന്നുമില്ലാത്ത ഈ നാട്ടില്‍ എനിക്കിനി ജീവിക്കാനാവില്ല. ഇവിടം വിട്ട് മറ്റെവിടേക്കെങ്കിലും പോയാല്‍ മതി’, വിവരമറിഞ്ഞെത്തുന്നവരോട് കണ്ണീരോടെ രാഹുൽ പറയുന്നു. അത്രയ്ക്ക് ആത്മബന്ധമായിരുന്നു ഫൈസലിന്റെ കുടുംബവുമായി രാഹുലിന് ഉണ്ടായിരുന്നത്. തന്റെ കൈപിടിച്ച്, പിച്ചവെച്ച നാള്‍ മുതല്‍ ഒപ്പം കൂടിയ കുരുന്നുകള്‍ ജീവന് വേണ്ടി തന്നെ ആദ്യം വിളിച്ചിട്ടും, അവരെ രക്ഷിക്കാൻ കഴിയാത്തതിന്റെ നിരാശയിലും വേദനയിലുമാണ് രാഹുലുള്ളത്.
‘ഓടി വാ ചേട്ടായി, രക്ഷിക്കണേ…’ എന്നുള്ള മക്കളുടെ ഫോൺ വിളി കേട്ട് ഫൈസലിന്റെ വീട്ടിലേക്ക് ഓടിക്കയറിയ രാഹുൽ കണ്ടത് തീ വിഴുങ്ങുന്ന മുറിയും, വീണ്ടും വീണ്ടും തീ പടർത്താൻ ശ്രമിക്കുന്ന ഹമീദിനെയുമായിരുന്നു. ഇയാളെ തള്ളിയിട്ട് ജീവന് പോലും പണയപ്പെടുത്തി രാഹുൽ ഓരോ മുറിയിലെയും വാതിലുകൾ ചവുട്ടി തകർത്ത് ബെഡ്റൂമിലെത്തി. പക്ഷെ, അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തീയിൽ നിന്നും രക്ഷപ്പെടാനായി ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് കയറിയിരുന്നു. എത്ര ശ്രമിച്ചിട്ടും ഇവർക്ക് ഇറങ്ങിവരാൻ കഴിഞ്ഞില്ല. അവിടെ തന്നെ വെന്തുരുകി മരിച്ച് വീണു.
‘എന്റെ പിള്ളേരാ.. എനിക്ക് അനിയത്തിമാരെ പോലെയാണ്. എന്റെ വീട്ടിലാണ് അവർ വളർന്നത്. തീ പടർന്നപ്പോൾ, ചേട്ടായി ഓടി വാ… എന്ന് പറഞ്ഞ് അവരാ എന്നെ ഫോൺ വിളിച്ചെ, പക്ഷെ…’, വേദനയോടെയാണ് രാഹുൽ ഇപ്പോഴും ആ സംഭവം ഓർത്തെടുക്കുന്നത്. 15 വര്‍ഷം മുന്‍പ് രാഹുല്‍ ഇവിടെ താമസം ആരംഭിച്ചതുമുതല്‍ ഇരുകുടുംബങ്ങളും ആത്മബന്ധമുള്ളവരായി. വിഷുവും, ബക്രീദും ക്രിസ്മസും, ഓണവും എല്ലാം ഒരുമിച്ച് ആഘോഷിച്ചവർ. ഫൈസലും, ഷീബയും ചീനിക്കുഴിയിലെ കടയിലെ തിരക്കുകളില്‍ മുഴുകുമ്പോള്‍ അവരുടെ മക്കളെ നോക്കിയിരുന്നത് രാഹുലും കുടുംബവുമായിരുന്നു. തനിക്ക് മൂന്നല്ല അഞ്ചാണ് മക്കളെന്ന് പറഞ്ഞ് ഇരുവരെയും രാഹുല്‍ ചേര്‍ത്തുനിര്‍ത്തിയിരുന്നു. ഉടുമ്പന്നൂരിലെ കളരിയില്‍ സ്വന്തം പെണ്‍മക്കളെ ആയോധനകല പരിശീലിപ്പിക്കാനയച്ചപ്പോള്‍ അവരും പഠിക്കട്ടേയെന്നു പറഞ്ഞ്, രാഹുൽ അവരെയും കൂടെകൂട്ടിയിരുന്നു.
Also Read:ഹിജാബ് വിധി: ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ
കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ ക്രൂരമുഖം നേരിൽ കണ്ടയാളാണ് രാഹുൽ. വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുമ്പോഴും, അകത്ത് മകനും പേരമക്കളും എരിഞ്ഞടങ്ങുമ്പോഴും, പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹമീദ്. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും ഇയാൾക്ക് യാതൊരു കൂസലുമില്ലായിരുന്നു.
Post Your Comments