പുൽപ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്നതാണ് റോഡ്. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം പോകാൻ ആളുകൾ ഉപയോഗിക്കുന്നുണ്ട്.
റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡ് ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഉദയക്കര മുതൽ ചേകാടി വരെ ഏഴു കിലോമീറ്ററോളം ദൂരം പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്.
കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഇതുവഴി പോകുന്നുണ്ട്. റോഡിൽ വൻ കുഴികളും രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ചേകാടി പാലം വന്നതോടെ കർണാടകയിലേക്ക് പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകാർക്ക് എളുപ്പം സഞ്ചരിക്കാൻ കഴിയും.
റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നും അടിയന്തരമായി റോഡ് വീതികൂട്ടി റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. വന്യജീവികൾ വിഹരിക്കുന്ന കാടാണിത്. റോഡ് തകർന്നത് കാരണം വന്യമ്യഗങ്ങളുടെ മുന്നിൽ പെട്ടാൽ വാഹനം തിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Post Your Comments