ഭോപാൽ: മധ്യപ്രദേശിൽ സമ്പൂർണ്ണ മദ്യ നിരോധനം വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി. പ്രതിഷേധ സൂചകമായി മദ്യശാലക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞു. മധ്യപ്രദേശിൽ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മദ്യ വിൽപനയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുളള സർക്കാർ നയത്തിനെതിരെ ഉമാ ഭാരതി നേരത്തെ രംഗത്തു വന്നിരുന്നു. ജനുവരി 15നകം സംസ്ഥാനത്ത് മദ്യം നിരോധിച്ചില്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും കഴിഞ്ഞ വർഷം അവർ പ്രഖ്യാപിച്ചിരുന്നു.
‘ഇത്രയും കാലം ഞാൻ ഗംഗ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അത് കൊണ്ട് മധ്യപ്രദേശിൽ സമ്പൂർണ മദ്യ-ലഹരി നിരോധന ക്യാമ്പയിൻ ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. കൊവിഡ് കാരണം ക്യാമ്പയിനിൽ പൊതുജന പങ്കാളിത്തം സാധ്യമല്ലായിരുന്നു. രാഷ്ട്രീയമായി ചേരിചേരാത്ത വ്യക്തികൾ മാത്രമേ ഈ പ്രചാരണത്തിൽ പങ്കെടുക്കാവൂ,’ ഉമാ ഭാരതി പറഞ്ഞു.
മധ്യപ്രദേശിൽ 2,544 നാടൻ മദ്യം വിൽക്കുന്ന ഷോപ്പുകളും 1,061 വിദേശ മദ്യ ഷോപ്പുകളുമുണ്ട്. മദ്യഷോപ്പുകളിൽ വിദേശ മദ്യവും നാടൻ മദ്യവും ഒരുമിച്ച് വിൽക്കുന്നതിനും അനുമതിയുണ്ട്. ഒരു കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള ആളുകൾക്ക് വീട്ടിൽ ബാർ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments