
കണ്ണൂര്‍: ബാര്‍ മുതലാളിക്കുവേണ്ടി സര്‍ക്കാര്‍ സംരംഭമായ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാല ഒറ്റനാള്‍കൊണ്ട് അടപ്പിച്ചതെന്തിനെന്നും ഇതിന്റെ പിന്നില്‍ ആരായിരുന്നുവെന്നും വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യംവെച്ചാണ് ഇ.പി.യുടെ ചോദ്യം.
2023 നവംബര്‍ 23നാണ് ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് തുറന്നത്. ആദ്യദിവസം 9,42,380 രൂപ വിറ്റുവരവുണ്ടായി. അന്നേദിവസം താഴ്ത്തിയ ഷട്ടര്‍ പിറ്റേദിവസംമുതല്‍ തുറന്നില്ല. ചെറുവത്തൂരിലെ സ്വകാര്യ ബാര്‍ ഉടമയ്ക്കുവേണ്ടി പാര്‍ട്ടി സെക്രട്ടറി ഇടപെട്ടാണ് സ്ഥാപനം അടപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോപണമുന്നയിച്ചു.
സര്‍ക്കാര്‍സ്ഥാപനം തുറക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികളും, ഓട്ടോതൊഴിലാളികളും, പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം പരസ്യമായി രംഗത്തിറങ്ങി.പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും സംഘമായെത്തി ദിവസങ്ങളോളം സ്ഥാപനത്തിലും ടൗണിലും ബാനറുകള്‍ സ്ഥാപിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും ചെറുവത്തൂരിലുണ്ടായി.
കരിവെള്ളൂരില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം.വി. ഗോവിന്ദനെ കാണാനെത്തിയ ചുമട്ടുതൊഴിലാളി യുണിയന്‍ (സി.ഐ.ടി.യു.) നേതാക്കളോടും തൊഴിലാളികളോടും മയമില്ലാത്ത സമീപനം സ്വീകരിച്ചതും തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ പിടിവിട്ടുപോകുമെന്ന ഘട്ടത്തില്‍ സി.പി.എമ്മിന് ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിക്ക് വിശദീകരണയോഗം നടത്തേണ്ടിവന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടകളായ ചെറുവത്തൂരിലേയും പരിസര പ്രദേശങ്ങളിലേയും വോട്ടുചോര്‍ച്ചയ്ക്ക് ചെറുവത്തൂരിലെ മദ്യശാലയും വിഷയമായി.
Post Your Comments