തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്ത്. സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും, സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരളാ പൊലീസെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ പൊലീസിൻറെ ദുർഗതിയിൽ സഹതാപമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.
സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ്, ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രസ്താവന. പാലക്കാട് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്.
‘സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്. നാട്ടിൽ സമാധാനമുണ്ടാക്കിയിട്ടു പോരേ ലോക സമാധാനത്തിനുള്ള പൊറാട്ടുനാടകം. ലോക സമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരിൽ ഒരു ചെറുപ്പക്കാരനെ കൊല്ലപ്പെട്ടത്. പ്രതിപക്ഷ നിരയിലെ ചെറുപ്പക്കാരെ യുപിയില്‍ കൊന്നു തള്ളാറില്ല,’ വി മുരളീധരന്‍ പറഞ്ഞു. ഇപ്പോഴും, കേരള സർക്കാർ മികച്ച മാതൃകയാണെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments