കോട്ടയം: ഭാര്യാമാതാവിനെ ഉലക്കയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും, പിഴയും ശിക്ഷ വിധിച്ചു. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസിൽ, അവരുടെ മകളുടെ ഭർത്താവ് ആർപ്പൂക്കര അത്താഴപ്പാടം നിഷാദിനെയാണ് (35) കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി സാനു എസ് പണിക്കർ ജീവപര്യന്തം കഠിനതടവിനും, 25,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്.
2019 ഫെബ്രുവരി 19 നാണ് സംഭവം നടന്നത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശ്യാമള നാട്ടിലെത്തിയപ്പോൾ, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ പല തവണ ശകാരിച്ചിരുന്നു. ഇത് മൂലമുള്ള വിരോധമാണ് കൊലപാതകത്തിന് വഴിവെച്ചത്.
രാത്രി മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ നിഷാദ് വീട്ടിൽ ഉണ്ടായിരുന്ന ഉലക്കകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ, ഭാര്യയിൽ നിന്ന് സംഭവം മറച്ചുവെച്ച്, ഇയാൾ അവരുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസിക രോഗത്തിന് ചികിത്സ തേടാൻ പോയി. അവിടെ നിന്നാണ്, സംഭവം അറിഞ്ഞ പൊലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.
മെഡിക്കല്‍ കോളേജില്‍ എത്തിയതിന് പിന്നാലെ, പ്രതിയുടെ ഭാര്യ അയല്‍വാസിയെ മൊബൈലില്‍ വിളിച്ച്, ശ്യാമളയ്ക്ക് ഫോണ്‍ കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നല്‍കാനായി വീട്ടിൽ എത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശ്യാമളയെ ആദ്യം കണ്ടത്.
Post Your Comments