നോർത്ത് കരോലിന: ആത്മഹത്യാ നാടകം നടത്തി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഒടുവില്‍ പിടിയിലായി. പൊലീസ് ആസ്ഥാനത്തെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറികളില്‍ നിന്നും മയക്കുമരുന്നും പണവും അടിച്ചുമാറ്റിയതിന് അറസ്റ്റ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ്, താന്‍ ആത്മഹത്യ ചെയ്‌തെന്ന പ്രതീതി സൃഷ്ടിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തി കുടുങ്ങിയത്.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ചാദ്‌ബോണ്‍ മേഖലയിലെ പൊലീസ് മേധാവി ആയിരുന്ന വില്യം ആന്റണി സ്‌പൈവിയാണ് പൊലീസിനെ വെട്ടിച്ച് സമര്‍ത്ഥമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ചാദ്‌ബോണ്‍ മേഖലാ പൊലീസ് ആസ്ഥാനത്തെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറികളില്‍ നിന്നും മയക്കുമരുന്നും വിലപിടിച്ച വസ്തുക്കളും അടിച്ചുമാറ്റിയെന്ന പരാതിയില്‍, കഴിഞ്ഞ വര്‍ഷം ജനുവരിയിലും പിന്നീട് ഏപ്രിലിലും ഇദ്ദേഹം അറസ്റ്റിലായിരുന്നു.
നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങൾ കണ്ടെത്തിയിരുന്നു. കേസ് കഴിഞ്ഞ ശേഷം ഓഫീസുകളില്‍ തൊണ്ടിമുതലായി സൂക്ഷിച്ച മയക്കുമരുന്ന്, കറന്‍സി, വിലപിടിപ്പുളള വസ്തുക്കള്‍, തോക്കുകള്‍ എന്നിവ ഉദ്യോഗസ്ഥൻ കൊള്ളയടിച്ചു, ക്യാൻസർ രോഗിയുടെ ചികിത്സാ സഹായത്തിനായി സമാഹരിച്ച തുകയില്‍ നിന്നും വന്‍ വെട്ടിപ്പ് നടത്തി എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഈയടുത്ത് ഒളിവിൽ പോയി.
കഴിഞ്ഞ ഫെബ്രുവരി 21 ന് ഇയാള്‍ കൊളംബസ് കൗണ്ടിയിലെ ഒരു നദിയില്‍ മീൻപിടിത്തത്തിന് പോയതാണ് ഉദ്യോഗസ്ഥർക്ക് അവസാനം ലഭിച്ച വിവരം. പിന്നീട് സ്‌പൈവിയെ കുറിച്ച് ഒരു വിവരവും പുറത്തുവന്നില്ല. അതിനിടെ, കൊളംബസ് കൗണ്ടിയിലെ നദിയില്‍ നിന്നും ഒരു ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മീന്‍പിടിക്കാനായി എത്തിയ സ്‌പൈവിയാണ് ഈ ബോട്ട് വാങ്ങിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തപ്പോള്‍ സ്‌പൈവി ആത്മഹത്യ ചെയ്തിരിക്കാമെന്ന സൂചനയാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കൊളംബസ് കൗണ്ടിയില്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ആത്മഹത്യാ കുറിപ്പും കിട്ടി. കള്ളക്കേസുകളില്‍ കുടുക്കിയതില്‍ മനംനൊന്ത് താന്‍ ജീവന്‍ വെടിയുകയാണെന്ന് ഇയാൾ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഒരു ബുള്ളറ്റ് മാത്രം ഉപയോഗിച്ച തോക്കും മുറിയില്‍ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ സാഹചര്യത്തില്‍, ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസും കരുതി.
തുടര്‍ന്ന്, മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പൊലീസ് നദി അരിച്ചുപെറുക്കി. എന്നാല്‍, ദിവസങ്ങളോളം തിരഞ്ഞിട്ടും ഇയാളുടെ മൃതദേഹം അവർക്ക് കണ്ടുകിട്ടിയില്ല. സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ഇയാളുമായി ബന്ധപ്പെട്ട പലരുമായും സംസാരിക്കുകയും ചെയ്ത പൊലീസിന് സ്‌പൈവി ആത്മഹത്യാ നാടകം കളിക്കുകയാണെന്ന് സംശയം തോന്നി. തുടര്‍ന്നാണ്, സ്‌പൈവി ആത്മഹത്യ ചെയ്‌തെന്ന പ്രചാരണം തട്ടിപ്പാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന്, ഉദ്യോഗസ്ഥർ ഇയാള്‍ക്കെതിരെ വിവിധ കേസുകളിലായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് ഇയാള്‍ക്ക് വേണ്ടി ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചതോടെ, കഴിഞ്ഞ ദിവസം സൗത്ത് കരോലിന പൊലീസിന് സ്പൈവിയെ കുറിച്ച് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സൗത്ത്, നോര്‍ത്ത് കരോലിന പൊലീസും കൊളംബസ് കൗണ്ടി ഷെറിഫ് ഓഫീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സ്പൈവി പിടിയിലായതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് തെക്കന്‍ ദേശത്തുള്ള വനപ്രദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് സൗത്ത് കരോലിന പൊലീസ് വകുപ്പ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആത്മഹത്യാ നാടകം നടത്തി വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു തന്റെ പദ്ധതിയെന്ന് സ്‌പൈവി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇയാൾ ഇപ്പോൾ കൊളംബസ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിൽ കഴിയുകയാണ്. വിവിധ കേസുകളില്‍ ഹാജരാകാത്തതിന് ഇയാൾക്കെതിരെ നിലവിൽ കോടതികള്‍ പുറപ്പെടുവിച്ച 40 വാറണ്ടുകള്‍ ഉണ്ട്. കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിന് ജാമ്യത്തുക ഇനത്തിൽ മാത്രം ഇയാള്‍ 10 ലക്ഷം ഡോളര്‍ കെട്ടിവെക്കേണ്ടതുണ്ട്.
Post Your Comments