തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ, ഉക്രൈനിൽ അകപ്പെട്ട ഇന്ത്യാക്കാരെ കൃത്യസമയത്ത് നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് കേന്ദ്രസർക്കാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കേന്ദ്രത്തിന്റെ ജാഗ്രതയില്ലാത്ത സമീപനമാണ് ഇപ്പോഴത്തെ ദുരിതാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കർണാടക സ്വദേശിയായ, നവീൻ കുമാർ ഉക്രൈനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ സേനയുടെ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് പൗരന്മാരെ കൃത്യസമയത്ത് ഒഴിപ്പിക്കാതിരുന്നത് എന്ന് ചോദിച്ച തോമസ് ഐസക്, ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തരമായി രക്ഷിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ച് പാർട്ടി സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി എന്നും വ്യക്തമാക്കി.
‘രണ്ടാഴ്ചയായി ഏതു നിമിഷവും റഷ്യൻ സേനയുടെ ആക്രമണം ഉണ്ടാകുമെന്നും മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു നിൽക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മരെ ഒഴിപ്പിച്ചുകൊണ്ടുപോയി. ഇന്ത്യാ സർക്കാർ ഇത്രയും ദിവസം എന്തു ചെയ്യുകയായിരുന്നു?. റഷ്യയുമായി സാമാന്യം നല്ല ബന്ധവും പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര ധാരണയിൽ എത്താൻ കേന്ദ്ര സർക്കാരിനു കഴിയാത്തത്?’, തോമസ് ഐസക് ചോദിച്ചു.
തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പാർട്ടി സംസ്ഥാന സമ്മേളനം പാസ്സാക്കിയ ആദ്യത്തെ പ്രമേയം യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തരമായി രക്ഷിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചാണ്. കർണ്ണാടക സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കകൾ പതിന്മടങ്ങായിരിക്കുകയാണ്. ഇന്ത്യാ സർക്കാർ കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ സ്വീകരിച്ചേപറ്റൂ. വിദേശകാര്യ സഹകാര്യ മന്ത്രി വി. മുരളീധരൻ മറുപടി പറയേണ്ട ഒരു കാര്യമുണ്ട്. രണ്ടാഴ്ചയായി ഏതു നിമിഷവും റഷ്യൻ സേനയുടെ ആക്രമണം ഉണ്ടാകുമെന്നും മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു നിൽക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മരെ ഒഴിപ്പിച്ചുകൊണ്ടുപോയി. ഇന്ത്യാ സർക്കാർ ഇത്രയും ദിവസം എന്തു ചെയ്യുകയായിരുന്നു?
ഇപ്പോൾ യുക്രൈയിനിലെ ഇന്ത്യക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം കിഴക്കൻ അതിർത്തിയിൽ കിടക്കുന്ന ഖാർക്കിവിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ പടിഞ്ഞാറൻ രാജ്യങ്ങളായ പോളണ്ട്, റുമേനിയ, ഹംഗറി, മാൾഡോവ തുടങ്ങിയ രാജ്യാതിർത്തികളിൽ എത്തിച്ചേരണമെന്നതാണ്. കിഴക്കൻ യുക്രൈയിനിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ യുക്രൈയിന്റെ ഈ പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ എത്തണമെങ്കിൽ ആയിരത്തിലധികം കിലോമീറ്റർ എങ്കിലും യുദ്ധഭൂമിയിലൂടെ യാത്ര ചെയ്യേണ്ടിവരും. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തകയേയുള്ളൂ. ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷത പുലർത്തിയതായിട്ടാണല്ലോ നമ്മൾ മനസ്സിലാക്കുന്നത്. മാത്രമല്ല, റഷ്യയുമായി സാമാന്യം നല്ല ബന്ധവും പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര ധാരണയിൽ എത്താൻ കേന്ദ്ര സർക്കാരിനു കഴിയാത്തത്? ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടത്ര ജാഗ്രത പുലർത്താത്ത കേന്ദ്ര സർക്കാർ സമീപനമാണ് ഈ ദുരിതാവസ്ഥയിലേക്ക് എത്തിച്ചത്.
Post Your Comments