കൊട്ടാരക്കര: എംസി.റോഡിൽ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൃക്കണ്ണമംഗൽ പൊയ്കയിൽ വീട്ടിൽ ജോയിച്ചൻ(റിട്ട. ജെസിഒ-63) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പുനലൂർ സ്വദേശി ശ്രീനാഥ് (23), ആഷിക്ക് (21) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
എംസി റോഡിൽ ലോവർ കരിക്കത്താതാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ ബൈക്ക് എതിർ ദിശയിൽ നിന്ന് വന്നു പെട്രോൾ പമ്പിലേക്കു തിരിയുന്നതിനിടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Read Also : മഹാ ശിവരാത്രിയെ വരവേൽക്കാൻ ആലുവാ മണപ്പുറം ഒരുങ്ങുന്നുന്നു: പ്രതീക്ഷിക്കുന്നത് വൻ ഭക്തജനത്തിരക്ക്
ഗുരുതരമായി പരിക്കേറ്റ ജോയിച്ചനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളം കല്ലൂരിൽ ട്രാഫിക് ഹോം ഗാർഡ് സൂപ്പർ വൈസർ ആയിരുന്നു ജോയിച്ചൻ.
ഭാര്യ: റോസമ്മ ജോയി. മക്കൾ: ജാൻസി സുരേഷ്, റെനി ബിബു. മരുമക്കൾ: അഡ്വ.സുരേഷ് നായർ, ഹവിൽദാർ ബിബു ജോർജ് (രാജസ്ഥാൻ). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.
Post Your Comments