![](/wp-content/uploads/2022/02/whatsapp-image-2022-02-26-at-10.38.58-am.jpeg)
ഇടുക്കി: കൊവിഡിൽ തളർന്ന വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണിൽ തുറന്നു. കേരളത്തിന്റെ പ്രകൃതി മനോഹാരിത ഇനി കാരവാനിന്റെ ആഡംബരത്തിൽ സഞ്ചരിച്ചു കണ്ട് ആസ്വദിക്കാം. അഡ്രാക് എന്ന സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ക്രമീകരിച്ച പാർക്ക്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാരവാനിലെത്തി ഉദ്ഘാടനം ചെയ്തു.
ഈ പുതിയ ടൂറിസം പദ്ധതി കൊവിഡ് മൂലം പുറത്തിറങ്ങാൻ മടിക്കുന്ന സഞ്ചാരികൾക്ക് കാരവാനുകളിൽ സഞ്ചരിച്ച്, അതിൽ തന്നെ താമസിച്ച് കേരളം കാണാനുള്ള അവസരം ഒരുക്കുന്നു. ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകൾ സഞ്ചാരികളെ ഇഷ്ട സ്ഥലങ്ങൾ ചുറ്റിക്കാണിച്ച് നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തിക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ കാരവാനിലുണ്ടാകും.
സഞ്ചാരികളുമായി എത്തുന്ന കാരവാനുകൾ വിജനമായ സ്ഥലങ്ങളിൽ നിർത്തിയിടുന്നത് സുരക്ഷിതമല്ല. ഇവിടെയാണ് കാരവാൻ പാർക്കുകൾ പ്രയോജനപ്പെടുന്നത്. പകൽ യാത്ര ചെയ്ത് സ്ഥലങ്ങൾ കണ്ട ശേഷം വിനോദസഞ്ചാരികൾക്ക് രാത്രി ഇവിടെ തങ്ങളുടെ കാരവാനുകളിൽ തന്നെ വിശ്രമിക്കാം.
Post Your Comments