തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇന്ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. 68-ാം പിറന്നാൾ നിറവിലാണ് സർക്കാർ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. കാസർകോട് ബേക്കൽകോട്ട, വയനാട് കാരാപ്പുഴ ഡാം, കോഴിക്കോട് ലോകനാർകാവ് ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കണ്ണൂർ ജബ്ബാർകടവ്, നിലമ്പൂർ തേക്ക് മ്യൂസിയം, ഇടുക്കി കാൽവരി മൗണ്ട്, എറണാകുളം പാണിയേലിപോര്, ആലപ്പുഴ വിജയ ബീച്ച് പാർക്ക്, വാടിക (കോട്ട മൈതാനം, പാലക്കാട്), പത്തനംതിട്ട, അടവി ഇക്കോ ടൂറിസം കേന്ദ്രം തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുക.
മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ശൗചാലയസംവിധാനങ്ങൾ തുടങ്ങിയ ശുചിത്വമാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ചാരികൾക്ക് വിസ്മയം ഒരുക്കുന്നതിനൊപ്പം ശുചിത്വമികവിലും ഹരിത ടൂറിസം കേന്ദ്രങ്ങൾ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് മാതൃകയാകും.
ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തിയിരുന്നു. തുടർന്നാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. അതേ സമയം അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുക.
Post Your Comments