
കുന്നത്തുനാട്: ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റക്‌സ് എം.ഡിയും ട്വന്റി-20 നേതാവുമായ സാബു ജേക്കബ്. ദീപുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും എം.എല്‍.എ ശ്രീനിജന്‍ സ്ഥലത്ത് ഗുണ്ടകളെ അഴിച്ച് വിട്ട് അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണന്നും സാബു ജേക്കബ് ആരോപിച്ചു.
എം.എല്‍.എ ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഫോണ്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ‘ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തില്‍ ഗ്രാമസഭ കൂടിയാല്‍, അതില്‍ വന്ന് ഞങ്ങളുടെ മെമ്പര്‍മാരെ അധിക്ഷേപിക്കുക, ഭരണം മോശമാണെന്ന് ചിത്രീകരിക്കുക എന്നിവയാണ് എം.എല്‍.എയുടെ പതിവ്. എല്ലാ പഞ്ചായത്തിലും ഉദ്യോഗസ്ഥരായി സഖാക്കളെയാണ് നിര്‍ത്തിയിരിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും എം.എല്‍.എ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ്. അനുസരിക്കാത്തവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയാണ്’- സാബു എം ജേക്കബ് പറഞ്ഞു.
Read Also: മദ്യപാനികൾ കുറയുന്നു, കേരളത്തിന് പ്രിയം ലഹരിയോട്
‘സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമാധാനപരമായിട്ട് പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായാണ് അവരവരുടെ വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ദീപു എന്ന ഞങ്ങളുടെ ഏരിയാ സെക്രട്ടറി, ലൈറ്റ് അണക്കല്‍ സമരത്തിന്റെ കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വൈകീട്ട് ആറരയോടെ വീടുകളില്‍ കയറിയിറങ്ങി. ഇങ്ങനെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments