ട്വൻ്റി 20 നേതാവ് സാബു എം.ജേക്കബ് പിണറായി വിജയനെതിരെയും വീണയ്‌ക്കെതിരെയും ഉന്നയിച്ച ആരോപണങ്ങളും ഭീഷണിയും സംശയകരമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഒരാൾ ഉടൻ ജയിലിൽ പോകാൻ തക്ക തെളിവുകൾ കൈവശം ഉണ്ടായിട്ടും അത് കോടതിയെ ഏൽപ്പിക്കാത്ത സാബു ജേക്കബിൻ്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതാണ് എന്ന് സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികളെ ഭീഷണിപ്പെടുത്താൻ ഈ തെളിവ് ഇയാൾ ഇത്രകാലവും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതിന് എന്താണ് തെളിവ് എന്നും വാചസ്പതി പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ട്വൻ്റി 20 നേതാവ് സാബു എം.ജേക്കബിൻ്റെ ഈ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം അത്യാവശ്യമാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതരമായ തെളിവുകൾ കയ്യിലുണ്ട് എന്ന് പറയുന്ന ഇദ്ദേഹത്തെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണം. അവർക്കെതിരെ കേന്ദ്ര അന്വേഷണം നടക്കുന്ന സമയം ആയതിനാൽ തന്നെ ഇത് പ്രധാനമാണ്.
ഈ തെളിവുകൾ ഉപയോഗിച്ച് വിലപേശൽ നടത്താൻ ഇയാളെ അനുവദിക്കരുത്. ജയിലിൽ പോകാൻ തക്ക എന്ത് കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തത് എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ആ തെളിവുകൾ എങ്ങനെ സാബു ജേക്കബിൻ്റെ കൈവശം എത്തി എന്നും അറിയണം.
ഒരാൾ ഉടൻ ജയിലിൽ പോകാൻ തക്ക തെളിവുകൾ കൈവശം ഉണ്ടായിട്ടും അത് കോടതിയെ ഏൽപ്പിക്കാത്ത സാബു ജേക്കബിൻ്റെ ഉദ്യേശശുദ്ധി സംശയിക്കപ്പെടേണ്ടതാണ്.
മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികളെ ഭീഷണിപ്പെടുത്താൻ ഈ തെളിവ് ഇയാൾ ഇത്രകാലവും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതിന് എന്താണ് തെളിവ്?. അവർ തമ്മിലുള്ള ധാരണ തെറ്റിയപ്പോൾ ഇക്കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞ് വീണ്ടും വിലപേശൽ നടത്തുകയാണ് ലക്ഷ്യം. അല്ലായെങ്കിൽ ഈ തെളിവുകൾ ഉടൻ പൊതു സമൂഹത്തിന് മുന്നിലോ അന്വേഷണ ഏജൻസികൾക്കോ കൈമാറണം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സാബു ജേക്കബിനെ ചോദ്യം ചെയ്യേണ്ടത് നാടിൻ്റെ സുരക്ഷയ്ക്ക് തന്നെ അത്യാവശ്യമാണ്.
Post Your Comments