ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സി.പി.എം. മോദി സര്‍ക്കാരിന്‍റെ സര്‍വേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിരവധി കേസുകള്‍ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും യെച്ചൂരി പ്രതികരിച്ചു. കേരളത്തിന്‍റെ പൊതുതാത്പര്യത്തിനൊപ്പമല്ല ബി.ജെ.പിയെന്ന് സി.പി.എം നേതാവ് എ വിജയരാഘവന്‍ വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് ശ്രമിക്കുന്നത് വിദ്വേഷ പ്രചാരണത്തിനാണ്. യോഗിക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയൂ എന്നും വിജയരാഘവന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിനെ കേരളവും ബംഗാളുമാക്കരുതെന്നാണ് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചത്. പോളിങ് ആരംഭിക്കുന്നതിനു ഏതാനും മിനുട്ടുകള്‍ മുന്‍പായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം. താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും യോഗി അവകാശപ്പെട്ടു- “ബംഗാളില്‍ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജാഗ്രത പുലര്‍ത്തുക. സുരക്ഷയും നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താന്‍ ആളുകള്‍ വന്നിരിക്കുന്നു. അത് സംഭവിക്കാന്‍ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു”- യോഗി ആദിത്യനാഥ് പറഞ്ഞു.
Read Also: ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി
കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍ യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി- ‘ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബംഗാളില്‍ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളില്‍ വിധാന്‍സഭാ തെരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ബൂത്തുകള്‍ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലാണ്. നിരവധി പേര്‍ കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?’-എല്ലാവര്‍ക്കും സുരക്ഷിതത്വവും സമൃദ്ധിയും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെയും പ്രീണിപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്‍ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കള്‍ സമാധാനത്തോടെയിരിക്കുമ്പോള്‍ അവരും (മുസ്‍ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കള്‍ സുരക്ഷിതരാണ്, അതിനാല്‍ മുസ്‍ലിംകളും. ഞങ്ങള്‍ എല്ലാവര്‍ക്കും സുരക്ഷിതത്വം നല്‍കുന്നു, എല്ലാവര്‍ക്കും അഭിവൃദ്ധി നല്‍കുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാല്‍ ആരെയും പ്രീണിപ്പിക്കുന്നില്ല’- യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments