ഐപിഎല്‍ മെഗാതാരലേലത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പൊന്നും വിലക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തി.
ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കൂടാതെ ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയറിനെ 8.25 കോടി രൂപ നല്‍കി രാജസ്ഥാന്‍ ടീമിലെത്തിച്ചു.
റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടി രൂപക്ക് ഹര്‍ഷലിനെ ബാംഗ്ലൂരില്‍ തിരികെയെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ബൗളറാണ് ഹര്‍ഷല്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡറാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 8.75 കോടിക്ക് ഹോള്‍ഡറെ ലക്നോ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഹോള്‍ഡര്‍ക്കായി മുംബൈ ഇന്ത്യന്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു.
Read Also:- ചോറ് കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?
എട്ട് കോടി നല്‍കി നീതീഷ് റാണയെ കൊല്‍ക്കത്ത തിരിച്ചു പിടിച്ചപ്പോൾ ഡ്വയിന്‍ ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചുപിടിച്ചു. 4.4 കോടിക്കാണ് ബ്രാവോയെ ചെന്നൈ തിരിച്ചെത്തിച്ചത്. സണ്‍റൈസേഴ്സ് താരമായിരുന്ന മനീഷ് പാണ്ഡെയെ 4.6 കോടി രൂപക്ക് മനീഷ് പാണ്ഡെയെ ലക്‌നൗ സ്വന്തമാക്കി. മലയാളി താരം റോബിന്‍ ഉത്തപ്പയെ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയപ്പോൾ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ രണ്ട് കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
Post Your Comments