ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. നാഗൗര്‍ സ്വദേശി ദിനേശ് ചിറ്റ്ലംഗിയ (39) ആണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയാണ് കമല്‍ തോഷ്നിവാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പൊലീസിൽ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Also read: രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇതോടെ പരാതിക്കാരന്റെ കമ്പനി മാനേജര്‍ ആണ് ഈ രണ്ട് ബില്ലുകള്‍ നൽകി രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്ഞാത സ്ഥലത്തേക്ക് കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് അതിവിദഗ്ധമായി എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ കണ്ടെത്തി. ദിനേശിന്റെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ടിവികൾ എല്ലാം വസന്ത് കുഞ്ജ് എന്‍ക്ലേവിലെ വാടക സ്ഥലത്ത് നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍, തന്റെ പേരില്‍ നാഗൗറില്‍ എസ്എസ് ഇലക്ട്രോണിക്സ് എന്ന കട പ്രവർത്തിക്കുന്നതായി ദിനേശ് വെളിപ്പെടുത്തി. ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ വ്യവസായം തടസ്സപ്പെട്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണില്‍ നിന്ന് ടിവികള്‍ മോഷ്ടിച്ചതെന്നും ദിനേശ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
Post Your Comments