തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഓഫീസിലെ പ്യൂൺ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്താനായി ചമച്ചത് നിരവധി വ്യാജ രേഖകൾ. സർക്കാർ ഉത്തരവുകളും അനുമോദന കത്തുകളും വ്യാജമായി സൃഷ്ടിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാരൻ ആളുകളെ തന്റെ വലയിലാക്കിയിരുന്നത്. ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത മരുതുംകുഴി സ്വദേശി വിനീത് കൃഷ്ണൻ പറഞ്ഞത് കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും അമ്പരന്നു. വിനോദത്തിന് വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്തത് എന്നായിരുന്നു വിനീത് പൊലീസിനോട് പറഞ്ഞത്.
ഐപിഎസ് ഉദ്യോഗസ്ഥനായി നിയമിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്, പ്രധാനമന്ത്രിയെ കാണാൻ അനുമതി നൽകിയുള്ള പിഎംഒയുടെ കത്ത്, എസ്പിയായി നിയമിച്ചുള്ള രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉത്തരവ് തുടങ്ങിയ രേഖകളാണ് വിനീത് തട്ടിപ്പിനായി വ്യാജമായി നിർമ്മിച്ചത്. വെറും വിനോദം മാത്രമാണ് താൻ ഈ ആൾമാറാട്ട തട്ടിപ്പിലൂടെ ലക്ഷ്യമിട്ടത് എന്നാണ് പ്രതി പറയുന്നത്. എന്നാൽ, ഇതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും, കെഎസ്ഇബിയിൽ സ്‌പെഷ്യൽ ഓഫീസറായി ജോലി ചെയ്യുകയാണെന്നുമാണ് ഇയാൾ പലരെയും വിശ്വസിപ്പിച്ചിരുന്നത്. ഒന്നരക്കോടിയുടെ മയക്കുമരുന്നുള്ള വാഹനം ചേസ് ചെയ്ത് പിടികൂടിയതിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും കുറ്റവാളികളെ വെടിവച്ച് പിടികൂടിയതിന് ബീഹാർ മുഖ്യമന്ത്രിയുടെയും ഒക്കെ പേരിൽ വ്യാജ അനുമോദന കത്തുകളും ഇയാൾ ഉണ്ടാക്കിയിരുന്നു. പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങളും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വ്യാജ രേഖകളും ഉത്തരവുകളും വിനീത് പലർക്കും അയച്ചുകൊടുത്തിരുന്നു.
ഇതോടെയാണ് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർക്ക് ആൾമാറാട്ടത്തെ കുറിച്ച് വിവരം ലഭിച്ചത്. തട്ടിപ്പിനെ കുറിച്ച് കെഎസ്ഇബി വിജിലൻസ് സിഎംഡിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി വിനീതിനെ പിടികൂടിയത്. വിനോദത്തിന് വേണ്ടിയാണ് ആൾമാറാട്ടം നടത്തിയതും വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് തട്ടിപ്പ് രേഖകൾ ഉണ്ടാക്കിയതെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കെഎസ്ഇബി ചെയർമാന്റെ ഓഫീസിലെ പ്യൂണായിരുന്നു വിനീത് കൃഷ്ണൻ. കെഎസ്ഇബി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
Post Your Comments