NattuvarthaLatest NewsKeralaNewsIndia

ഗാന്ധിവധം ശരിയായ രീതിയിൽ അന്വേഷിച്ചാൽ കുടുങ്ങുന്നത് പ്രമുഖ രാഷ്ട്രീയ പാർട്ടി: തെളിവുകൾ നിരത്തി സന്ദീപ് വാചസ്പതി

തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല

തിരുവനന്തപുരം: ഗാന്ധി വധവുമായി ആർഎസ് എസ്സിന് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അമുൽ ബേബിമാരായ പപ്പുമാർ മുതൽ വലിയ ബുജികളെന്ന് നടിക്കുന്നവർ വരെ തരംകിട്ടിയാൽ പാടി നടക്കുന്ന വെറും വായ്ത്താരി മാത്രമാണിതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. എന്താണ് തെളിവെന്ന് ചോദിച്ചാൽ കൈരേഖ പൊക്കി കാണിക്കുമെന്നും, സവർക്കർ, ഹിന്ദുമഹാസഭ, ഗോഡ്സേ, അമ്പലം എന്നൊക്കെ വെളിവുകേട് പുലമ്പുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

Also Read:പ​നി​ക്ക് മ​രു​ന്ന് വാ​ങ്ങി മ​ട​ങ്ങി​യ വീ​ട്ട​മ്മയ്ക്ക് ഓട്ടോ മറിഞ്ഞ് ദാരുണാന്ത്യം

‘ഏതൊരു കേസിലും പ്രതികളെ നിശ്ചയിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയും പ്രക്രിയയിലൂടെയുമാണ്. പൊലീസ് അന്വേഷണം, കൂട്ടു പ്രതികളുടെ മൊഴി, സാഹചര്യ-ഭൗതിക തെളിവുകള്‍, കോടതിയുടെ നിർദ്ദേശം, അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ഇവയൊക്കെ വ്യക്തിയേയോ സംഘടനയേയോ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമാണ്. എന്നാൽ ദില്ലി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ 64/48 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്‍റെ നാൾ വഴിയിലോ പിന്നീട് ഉണ്ടായ അന്വേഷണ കമ്മീഷനോ ഗാന്ധിവധവുമായി ആർ.എസ്.എസിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കണ്ടെത്തിയില്ല. കേസിൽ 149 സാക്ഷികളെ വിസ്തരിച്ചെങ്കിലും അവരാരും തന്നെ സംഘത്തിന് ഗാന്ധിവധത്തിൽ പങ്കുണ്ടായിരുന്നതായി മൊഴി നൽകിയിട്ടില്ല’, ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ സന്ദീപ് വാചസ്പതി വ്യക്തമാക്കി.

ലേഖനത്തിന്റെ പൂർണ്ണരൂപം:

മഹാത്മാഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ്. ആണത്രേ! അമുൽ ബേബിമാരായ പപ്പുമാർ മുതൽ വലിയ ബുജികളെന്ന് നടിക്കുന്നവർ വരെ തരംകിട്ടിയാൽ പാടി നടക്കുന്ന വായ്ത്താരിയാണിത്. എന്താണ് തെളിവ് എന്ന് ചോദിച്ചാൽ കൈരേഖ പൊക്കി കാണിക്കും. അല്ലായെങ്കിൽ സവർക്കർ, ഹിന്ദുമഹാസഭ, ഗോഡ്സേ, അമ്പലം എന്നൊക്കെ വെളിവുകേട് പുലമ്പും. നിയമപരമായി ഇതിനെ ചോദ്യം ചെയ്താലോ മാപ്പു പറഞ്ഞ് തടി കഴിച്ചിലാക്കും. അല്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖകളുടെ പിൻബലത്തിൽ ആരോപണം തെളിയിക്കാൻ നാളിതു വരെ സാധിച്ചിട്ടില്ല. പക്ഷേ 1948 മുതൽ നാളിതു വരെ ഒരു അനുഷ്ഠാനം പോലെ ആർ.എസ്.എസിനെ തത്പരകക്ഷികൾ ആരോപണ നിഴലിൽ നിർത്തുകയാണ്.

ഏതൊരു കേസിലും പ്രതികളെ നിശ്ചയിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയും പ്രക്രിയയിലൂടെയുമാണ്. പൊലീസ് അന്വേഷണം, കൂട്ടു പ്രതികളുടെ മൊഴി, സാഹചര്യ-ഭൗതിക തെളിവുകള്‍, കോടതിയുടെ നിർദ്ദേശം, അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ഇവയൊക്കെ വ്യക്തിയേയോ സംഘടനയേയോ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമാണ്. എന്നാൽ ദില്ലി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ 64/48 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്‍റെ നാൾ വഴിയിലോ പിന്നീട് ഉണ്ടായ അന്വേഷണ കമ്മീഷനോ ഗാന്ധിവധവുമായി ആർ.എസ്.എസിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കണ്ടെത്തിയില്ല. കേസിൽ 149 സാക്ഷികളെ വിസ്തരിച്ചെങ്കിലും അവരാരും തന്നെ സംഘത്തിന് ഗാന്ധിവധത്തിൽ പങ്കുണ്ടായിരുന്നതായി മൊഴി നൽകിയിട്ടില്ല. (പിന്നീട് പ്രധാനമന്ത്രിയായ മൊറാർജി ദേശായി അടക്കമുള്ളവർ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. അന്നദ്ദേഹം ബോംബോ ആഭ്യന്തര മന്ത്രിയായിരുന്നു.)

ആർ.എസ്.എസിനെ മുളയിലെ നുള്ളിക്കളയാൻ വെമ്പൽ പൂണ്ടിരുന്ന ജവഹർലാൽ നെഹൃു പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ സംഭവവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചില്ല. പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെപ്പറ്റി കുറ്റപത്രത്തിൽ നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും ആർ.എസ്.എസിനെപ്പറ്റി മാത്രം പരാമർശം ഇല്ലാത്തതിനെപ്പറ്റി വിമർശകർ മൗനം പാലിക്കുകയാണ്. കുറ്റപത്രം കോടതിയിൽ വായിച്ചു കേട്ട പ്രതികൾ പലവിധ തര്‍ക്കങ്ങൾ ഉന്നയിച്ചപ്പോഴും ആർ.എസ്.എസ് ബന്ധത്തെപ്പറ്റി ചൂണ്ടിക്കാണിച്ചിട്ടില്ല. 149 സാക്ഷികളുടെ 700 പേജ് വരുന്ന മൊഴികളിലോ ഹാജരാക്കപ്പെട്ട 404 രേഖകളിലോ ആര്‌‍.എസ്.എസിനെ ഗാന്ധിവധവുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മാപ്പുസാക്ഷിയായ ദിഗംബർ ബാഡ്ജേ ഒരിടത്തുപോലും മറ്റ് പ്രതികൾക്ക് ആർ.എസ്.എസ് പശ്ചാത്തലമുള്ളതായി മൊഴി നൽകിയിട്ടുമില്ല. ക്രോസ് വിസ്താരത്തിനിടയിൽ പ്രതി-വാദി ഭാഗം വക്കീലൻമാർ ആരും തന്നെ ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ല. കേസ് നടത്തിപ്പിനായി ഹിന്ദുമഹാസഭ രൂപീകരിച്ച ഡിഫൻസ് കമ്മിറ്റിയിൽ ആർ.എസ്.എസ് ബന്ധമുള്ള ആരും തന്നെ സഹകരിച്ചതായും രേഖകളില്ല. എന്നാൽ ബാലഗംഗാധര തിലകന്‍റെ ചെറുമകൻ ജി.വി ഖേത്കർ ഡിഫൻസ് കമ്മിറ്റിയിലും ജയിൽ മോചിതരായ പ്രതികൾക്ക് സ്വീകരണം ഒരുക്കുന്ന കമ്മിറ്റിയിലും പ്രവർത്തിച്ചതായി തെളിവുണ്ട്. ആ സ്വീകരണ ചടങ്ങിലും സംഘപ്രവർത്തകർ പങ്കെടുത്തിട്ടില്ല. എന്നിട്ടും ആർ.എസ്.എസിന്‍റെ പേര് ഗാന്ധിവധത്തിലേക്ക് വലിച്ചിഴച്ച് സംഘത്തെ നിരോധിച്ചു. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് 7 റെയ്ഡുകളാണ് നടത്തിയത്. അതിൽ ഒരെണ്ണം അന്നത്തെ ദില്ലി നഗർ സംഘചാലക് ഹരിചന്ദിന്‍റെ വീട്ടിലായിരുന്നു. പക്ഷേ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു രേഖയും കണ്ടെടുക്കാനായില്ല. ഒരു വർഷത്തിന് ശേഷം സംഘത്തിന് മേലുള്ള നിരോധനം നിരുപാധികം കേന്ദ്രസർക്കാർ പിൻവലിക്കുകയായിരുന്നു.

1966 ൽ കേന്ദ്ര സർക്കാർ‍ ജീവൻ ലാല്‍ കപൂറിനെ ഗാന്ധിവധത്തെപ്പറ്റി അന്വേഷിക്കാൻ ചുമതലപ്പെടുത്തി. 3 വർ‌ഷത്തിന് ശേഷം കപൂർ കമ്മീഷൻ എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു. ‘എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും കൂട്ടാളികളും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല’. എന്നിട്ടും ആർ.എസ്.എസിനെ ഗാന്ധി വധവുമായി ബന്ധപ്പെടുത്തുക എന്നത് ഒരു മുൻകരുതലെടുക്കലാണ്. ഉത്സവപ്പറമ്പിലെ പഴയ പോക്കറ്റടിക്കാരന്‍റെ അതേ തന്ത്രം. ഗാന്ധി വധവുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളും ഉയരരുതെന്ന് നേരത്തെ ഉറപ്പിച്ച ചില കുടില കുടുംബാംഗങ്ങളുടെ തീരുമാനമാണ് ഇതിന് പിന്നിൽ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ലളിത യുക്തിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് ഇനിയും പുറത്തുവരേണ്ട വൻ ഗൂഡാലോചനയാണ്. മഞ്ഞുമലയുടെ അറ്റം ദൃശ്യമായിട്ടുണ്ടെങ്കിലും പലതും ഇനിയും വെളിപ്പെടേണ്ടതുണ്ട്. അതിന് നമുക്ക് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കാം.

1. ഗാന്ധിവധം നേരിട്ടു കണ്ട മനു, ആഭ എന്നിവരെ സാക്ഷികളായി വിസ്തരിക്കാഞ്ഞത് എന്തു കൊണ്ട്?
2. എഫ്.ഐ.എസ് (പ്രാഥമിക മൊഴി) കൊടുക്കാൻ ഏറ്റവും അനുയോജ്യരായവർ ഇവർ ആയിട്ടും എന്തുകൊണ്ട് ഇവരിൽ നിന്ന് മൊഴിയെടുത്തില്ല?
3. വെടിയേറ്റ ഗാന്ധിജിയെ ആശുപത്രിയിലെത്തിക്കാതെ തൊട്ടടുത്ത ബിർളാഹൗസിലെത്തിച്ചത് എന്തുകൊണ്ട്? വെടിയേറ്റ് 15 മിനുറ്റോളം അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നതായി എഫ്.ഐ.ആർ പറയുന്നുണ്ട്.
4. നന്ദലാൽ മെഹ്ത എന്നയാളെ പ്രാഥമിക മൊഴി നൽകാൻ തിരഞ്ഞെടുത്തത് ആര്?
5. ഗാന്ധിജിയുടെ ജീവനെടുത്ത ഇറ്റാലിയൻ നിർമ്മിത ബറേറ്റ പിസ്റ്റൾ ജഗദീശ് പ്രസാദ് ഗോയലിന് (ഗോയലിൽ നിന്ന് ദന്തവതേ, ദന്തവതേയിൽ നിന്ന് പർച്ചുറേ വഴി ഗോഡ്സേയ്ക്ക്) എവിടെ നിന്ന് കിട്ടി എന്നതിനെപ്പറ്റി അന്വേഷണം ഉണ്ടാകാഞ്ഞത് എന്തുകൊണ്ട്?
6. ഗാന്ധി കൊല്ലപ്പെടുമെന്ന് വിവരം ഉണ്ടായിട്ടും സുരക്ഷ ഒരുക്കാഞ്ഞതിന് കാരണം? (ഗാന്ധിജി സമ്മതിക്കില്ല എങ്കിലും രഹസ്യമായി സുരക്ഷ ഒരുക്കാമായിരുന്നു)
7. ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിയിലായി വിട്ടയക്കപ്പെട്ട മദൻലാൽ പഹ്വയെ നിരീക്ഷിക്കാഞ്ഞത് എന്തുകൊണ്ട്?
8. മദൽലാൽ ഗോഡ്സേയുമായി ചേർന്ന് വീണ്ടും വധം ആസൂത്രണം ചെയ്തത് രഹസ്യാന്വേഷണ വിഭാഗം അറിയാതെ പോയത് എന്തുകൊണ്ട്?
9. ഹിന്ദുമഹാസഭയുടെ പ്രവർത്തകനാണ് ഗോഡ്സേയെന്ന് അന്വേഷത്തിൽ വെളിപ്പെട്ടിട്ടും സഭയെ നിരോധിക്കാതെ സംഭവവുമായി ബന്ധമില്ലാത്ത അർ‍‍‍‍.എസ്.എസിനെ നിരോധിച്ചത് എന്തിന്?
10. ഗാന്ധി വധിക്കപ്പെടുമ്പോൾ ഹിന്ദുമഹാസഭ അദ്ധ്യക്ഷനായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്ററർജി (സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയുടെ അച്ഛൻ) പിന്നീട് ഹിന്ദുമഹാസഭ, സിപിഎം ടിക്കറ്റുകളിൽ എം പിയായത് എങ്ങനെ?

ഈ ചോദ്യങ്ങൾ ചോദിക്കുന്നവരുടെ എണ്ണം കൂടുന്നത് വരെ കീചക-ഭീമ ലളിത യുക്തിക്ക് പിന്നിൽ അവർ സുരക്ഷിതരായിരിക്കും. അതുവരെ പോരാളി ഷാജിമാരും അമുൽ ബേബികളും മാക്കുറ്റികളും അരങ്ങ് തകർക്കട്ടെ. അവരോടൊക്കെ പറയാൻ ഹെൻട്രി മോർഗന്‍റെ വാക്കുകൾ മാത്രം. ‘തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button