ഇസ്ലാമാബാദ് : ഐസിസിയുടെ പുതിയ പരിഷ്കരണങ്ങൾക്കെതിരെ പാക് മുൻ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ രംഗത്ത്. പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നുവെന്നും അക്തർ അഭിപ്രായപ്പെട്ടു. ആധുനിക ക്രിക്കറ്റ് നിയമങ്ങള്‍ ബാറ്റ്‌സ്മാന്മാർക്ക് കൂടുതല്‍ ആനുകൂല്യങ്ങൾ നൽകുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുമായി സംസാരിക്കുകയായിരുന്നു അക്തർ.
നിലവിലെ നിയമങ്ങൾ ബാറ്റർമാർക്ക് അനുകൂലമാണെന്നും ക്രിക്കറ്റിനെ ഏകപക്ഷീയമായ ഗെയിമാക്കി മാറ്റിയതായും അക്തർ പറഞ്ഞു. ‘ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു രണ്ടു തവണ ന്യൂ ബോളെടുക്കാം. ബൗളർമാർക്കെതിരെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. അടുത്ത കാലത്തായി നിങ്ങള്‍ ബാറ്റ്‌സ്മാന്മാർക്ക് വളരെയധികം പ്രാമുഖ്യം നല്‍കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിൻ ഇപ്പോഴാണ് കളിച്ചിരുന്നതെങ്കിൽ, അല്ലെങ്കിൽ സച്ചിൻ കളിച്ച സമയത്ത് ഇത്തര, നിയമങ്ങൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തീർച്ചയായതും ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു. സച്ചിനോട് എനിക്ക് സഹതാപം തോന്നുന്നു’, ഷോയിബ് അക്തര്‍ പറഞ്ഞു.
‘അദ്ദേഹം തുടക്കത്തിൽ വസീം അക്രം, വഖാർ യൂനിസ് എന്നിവർക്കെതിരെയാണ് കളിച്ചത്, അദ്ദേഹം ഷെയ്ൻ വോണിനെതിരെയും കളിച്ചു, പിന്നീട് ബ്രെറ്റ് ലീയെയും എന്നെയും നേരിട്ടു, പിന്നീട് അദ്ദേഹം അടുത്ത തലമുറയിലെ ഫാസ്റ്റ് ബൗളർമാരെയും നേരിട്ടു . അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വളരെ കടുപ്പമേറിയ ബാറ്റ്സ്മാൻ എന്ന് വിളിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments