
മുംബൈ : ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്.
ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം. തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി.
കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിനുള്ള പാരിതോഷികമായാണ് സമ്മാനത്തുകയെന്നും ചാമ്പ്യൻസ് ട്രോഫിക്കും ടി20 ലോകകപ്പിനും പുറമെ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് രാജ്യത്തെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയാണെന്ന് കാണിക്കുന്നതെന്നും റോജര്‍ ബിന്നി പറഞ്ഞു.
കൂടാതെ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഇപ്പോഴുണ്ടായ നേട്ടങ്ങളെല്ലാം. വരും വര്‍ഷങ്ങളിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് നേട്ടം തുടരാനാകുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.
Post Your Comments