കോഴിക്കോട്: ടിപ്പർ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5000 രൂപ പ്രകാരം മാസപ്പടി നൽകിയാൽ സ്ക്വാഡിന്‍റെ പരിശോധനയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്ന ശബ്ദരേഖയാണ് പുറത്തായത്. എന്നാൽ, തെളിവ് സഹിതം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ലെന്ന് ലോറി ഉടമകൾ ആരോപിച്ചു.
അതേസമയം ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാവുമെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു. കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എംവിഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു: രണ്ടുപേർ പിടിയിൽ
തന്റെ അധികാര പരിധിയിൽ വരുന്ന കൊടുവളളി മേഖലയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങൾ കടത്തിവിടാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കുമെന്ന് പറയുന്നതും അഞ്ച് വണ്ടികൾ ഉളള ലോറി ഉടമയോട് 25000 രൂപ ചോദിക്കുകയും 20000ന് ഉറപ്പിക്കുകയും ചെയ്യുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.
ഡീൽ ഉറപ്പിച്ചാൽ സമ്മർദ്ദമുണ്ടായാൽ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകൾക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥൻ പറയുന്നു. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ തേടിയതായും അഴിമതിക്കാരായ ഉദ്യോഗസ്ഥർ വകുപ്പിലുണ്ടാകില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
Post Your Comments