
കൊച്ചി: മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം പോലീസിന് നന്ദി അറിയിച്ചത്. പരാതി നൽകി 10 മിനിറ്റിനുള്ളിൽ യുവാവിനെ പിടിച്ചെന്നും ടിനി ടോം വ്യക്തമാക്കി.
‘മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അവൻ അടുത്ത നമ്പറിൽനിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നതു റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയത്.
10 മിനിറ്റിനുള്ളിൽ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓർത്ത് ഞാൻ കേസ് പിൻവലിച്ചു. ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പൊലീസ്. എല്ലാവർക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ.’ ടിനി ടോം പറഞ്ഞു.
Post Your Comments