KeralaLatest NewsNewsIndia

കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ? ലക്ഷ്മി പദ്മയ്ക്ക് പിന്തുണയുമായി ബിന്ദു കൃഷ്ണ

മാധ്യമപ്രവർത്തക ലക്ഷ്മി പദ്മയ്ക്ക് നേരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ എന്നാണു ബിന്ദു കൃഷ്ണ സഖാക്കളോട് ചോദിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും മോശം രീതിയിൽ സൈബർ സ്പേസുകൾ ഉപയോഗിക്കുന്നത് സിപിഎം സൈബർ പ്രവർത്തകരായിരിക്കുമെന്നും ഇവർ ആരോപിക്കുന്നു.

എതിരാളികൾക്കെതിരെ വ്യക്തിഹത്യ നടത്താനും, അപവാദങ്ങൾ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കാനും, ഭീഷണിപ്പെടുത്താനും, ദുർഭരണം നടത്തുന്ന ഇടതുസർക്കാരിനെയും, സിപിഎം ക്രിമിനലുകളെയും, സ്ത്രീ പീഡകരെയും വെള്ളപൂശാനും മാത്രമാണ് സിപിഎം പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. സഖാത്തിയും, ന്യായീകരണ തൊഴിലാളിയും ആയില്ലെങ്കിൽ പുരുഷന്മാരെ വിളിക്കുന്നതിനേക്കാൾ വലിയ അസഭ്യവർഷമാണ് പരസ്യമായി സ്ത്രീകൾക്കെതിരെ നടത്തുന്നതെന്നും അത്തരത്തിൽ സൈബർ ആക്രമണം നേരിട്ട അവസാന വ്യക്തിയാണ് ലക്ഷ്മി പദ്മയെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.

ബിന്ദു കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ ? ലോകത്ത് തന്നെ ഏറ്റവും മോശം രീതിയിൽ സൈബർ സ്പേസുകൾ ഉപയോഗിക്കുന്നത് സിപിഎം സൈബർ പ്രവർത്തകരായിരിക്കും. എതിരാളികൾക്കെതിരെ വ്യക്തിഹത്യ നടത്താനും, അപവാദങ്ങൾ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കാനും, ഭീഷണിപ്പെടുത്താനും, ദുർഭരണം നടത്തുന്ന ഇടതുസർക്കാരിനെയും, സിപിഎം ക്രിമിനലുകളെയും, സ്ത്രീ പീഡകരെയും വെള്ളപൂശാനും മാത്രമാണ് സിപിഎം പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. സത്യം വിളിച്ചുപറയുന്ന, നേരിൻ്റെ ഭാഗത്ത് നിലകൊള്ളുന്ന മാധ്യമ പ്രവർത്തകരെയും, മാധ്യമ സ്ഥാപനങ്ങളെയും മാന്യതയുടെ സീമകൾ ലംഘിച്ചുകൊണ്ട് അപവാദ പ്രചാരണങ്ങൾ നടത്തുന്ന, വേട്ടയാടുന്ന പ്രവണത ഇപ്പോൾ നിരന്തരം ആവർത്തിക്കപ്പെടുകയാണ്. അഴിമതിയും, കമ്മീഷനും, കൊള്ളയും, ജനദ്രോഹവും, ഗുണ്ടായിസവും, കൊവിഡ് വ്യാപനയും നടത്തുന്ന മാർക്സിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്തുതിപാഠകരാകാത്ത മാധ്യമ പ്രവർത്തകരുടെ അവസ്ഥയാണ് ഇത്.

ഈ വേട്ടയാടലുകൾക്ക് എതിരെ ശ്രീ പിണറായി വിജയൻ്റെ പോലീസിനെ സമീപിച്ചാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മറുവശത്ത്. പരാതിക്കാരെ പ്രതിസ്ഥാനത്ത് നിർത്തി പോലീസിൻ്റെ വക വേട്ടയാടലുകൾ വീണ്ടും തുടരും. എന്നാൽ സൈബർ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുകയും ചെയ്യും. നവോത്ഥാനത്തിൻ്റെ പേരിൽ വനിതാ മതിൽ നിർമ്മിച്ച സിപിഎം പ്രവർത്തകരുടെ സ്ത്രീകളോടുള്ള പെരുമാറ്റമാണ് പലപ്പോഴും അത്ഭുതപ്പെടുത്തുന്നത്. സഖാത്തിയും, ന്യായീകരണ തൊഴിലാളിയും ആയില്ലെങ്കിൽ പുരുഷന്മാരെ വിളിക്കുന്നതിനേക്കാൾ വലിയ അസഭ്യവർഷമാണ് പരസ്യമായി സ്ത്രീകൾക്കെതിരെ നടത്തുന്നത്. പ്രതിഷേധിക്കുന്നവരെയും, പ്രതികരിക്കുന്നവരെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ചില സഖാക്കന്മാർക്ക് ഉള്ളത്.

Also Read:പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ  മുളയ്ക്കലിനെ  കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും

ജോലിയുടെ ഭാഗമായി മറ്റ് മാധ്യമ പ്രവർത്തകരെപോലെ പ്രിയപ്പെട്ട ശ്രീമതി ലക്ഷ്മി പദ്മയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വിശേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ സഖാക്കന്മാർ കണ്ട് പിടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയ്ക്ക് ശ്രീമതി ലക്ഷ്മിയുമായി യാതൊരു ബന്ധവുമില്ല എന്നത് പകൽ വെളിച്ചംപോലെ വ്യക്തവുമാണ്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയോട് സഖാക്കന്മാർക്കുള്ള അസഹിഷ്ണുത മാധ്യമ പ്രവർത്തകയിലേക്ക് വ്യാപിപ്പിക്കുമ്പോൾ തന്നെ സൈബർ സഖാക്കന്മാരുടെ മനോവൈകൃതം പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ട്. സഖാക്കന്മാർക്ക് പ്രതികരണ ശേഷിയുണ്ടെങ്കിൽ, സഹപ്രവർത്തകൻ്റെ മൃതശരീരവുമായി വിലാപയാത്ര നടത്തിയ അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് തിരുവനന്തപുരത്ത് തിരുവാതിരകളി സംഘടിപ്പിച്ച സ്വന്തം പാർട്ടിക്കെതിരെ ശബ്ദം ഉയർത്തണം.

തിരുവാതിരകളി കണ്ടു രസിച്ച പോളിറ്റ് ബ്യൂറോ അംഗത്തിനും, എംഎൽഎമാർക്കും എതിരെ ശബ്ദം ഉയർത്തണം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടും, പൊതുജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും നടത്തുന്ന പാർട്ടി സമ്മേളനങ്ങൾക്കെതിരെ പ്രതികരിക്കണം.
അല്ലാതെ സഖാക്കന്മാരുടെ ഭീഷണികൾക്ക് മുന്നിൽ പ്രതികരണശേഷിയുള്ളവരും, മാധ്യമപ്രവർത്തകരും മുട്ടുമടക്കും എന്നത് സൈബർ ഗുണ്ടകളുടെ മിഥ്യാധാരണയാണ്. കൈരളിയിക്കും, ദേശാഭിമാനിയ്ക്കും മാത്രമല്ല, എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും, മാധ്യമപ്രവർത്തകർക്കും പ്രവർത്തിക്കാനും, അഭിപ്രായം രേഖപ്പെടുത്താനും നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. അത് ഹനിക്കാൻ ഒരു സൈബർ കമ്മ്യൂണിസ്റ്റിനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button