KeralaLatest NewsNews

മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിന്‍വലിച്ചെങ്കിലും റീപോസ്റ്റ് ചെയ്ത് ബിന്ദു കൃഷ്ണ

'ആകാശദൂതിന് ശേഷം എന്റെ കണ്ണില്‍ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം', വൈറലായി ബിന്ദു കൃഷ്ണയുടെ കുറിപ്പ്

കൊല്ലം: ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പല രാഷ്ട്രീയ പ്രമുഖരും ഈ സിനിമയെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.

Read Also: കണ്മുന്നിൽ സഫ്ന പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വന്നതിന്റെ ഞെട്ടലിൽ ആവണി

മനോഹരമായി എഴുതിയ കുറിപ്പ് ആദ്യം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും പിന്നീടത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവച്ച് ഹൃദയാര്‍ദ്രമായ കുറിപ്പായിരുന്നു നേതാവ് സമൂഹമാദ്ധ്യമത്തിലൂടെ ആദ്യം പങ്കുവച്ചത്. സിനിമ കാണാന്‍ വൈകിയതിന്റെ കാരണവും ചിത്രം കണ്ടപ്പോള്‍ ആകാശദൂത് ഓര്‍മ്മ വന്നതും സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനമികവുമെല്ലാം കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാള്‍ ഞാനും നേരില്‍ കാണുമെന്ന വാക്കുകളോടെയായിരുന്നു കുറിപ്പ് അവസാനിച്ചത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ പിന്നിട്ടപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി. സംഗതി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ആരെ ഭയന്നിട്ടാണ് പോസ്റ്റ് മുക്കിയതെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യം. നിരവധി പേര്‍ നേതാവിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ പഴയ പോസ്റ്റുമായി വന്നിരിക്കുകയാണ് ബിന്ദു കൃഷ്ണ. ഒരിക്കല്‍ പിന്‍വലിച്ച പോസ്റ്റ് അവര്‍ റീപോസ്റ്റ് ചെയ്യുകയാണുണ്ടായത്.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം…

‘അത്യാവശ്യം നല്ല സിനിമകള്‍ അധികം വൈകാതെ കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി കാണുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ വളരെ മികച്ച അഭിപ്രായങ്ങള്‍ കണ്‍മുന്നില്‍ പല തവണ കണ്ടിട്ടും മാളികപ്പുറം സിനിമ കാണാന്‍ അല്‍പം വൈകി. മകന്റെ പരീക്ഷ ഉള്‍പ്പടെയുള്ള തിരക്കുകളാണ് സിനിമ കാണല്‍ വൈകിപ്പിച്ചത്’.

‘കഴിഞ്ഞ ദിവസം മകന്‍ ശ്രീകൃഷ്ണയ്ക്കൊപ്പം കൊല്ലം കാര്‍ണിവലില്‍ എത്തി മാളികപ്പുറം കണ്ടു. അതുകൊണ്ടുതന്നെ മാളികപ്പുറത്തെക്കുറിച്ച് രണ്ട് വരി എഴുതണമെന്ന് തോന്നി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണ് നനയിച്ച ചിത്രമായിരുന്നു ശ്രീ മുരളിയും, ശ്രീമതി മാധവിയും മത്സരിച്ച് അഭിനയിച്ച ആകാശദൂത്. വ്യക്തിപരമായി പറഞ്ഞാല്‍ ആകാശദൂതിന് ശേഷം തിയറ്ററില്‍ വച്ച് എന്റെ കണ്ണില്‍ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം’.

‘കല്ലു എന്ന കൊച്ചുമിടുക്കി എന്തൊരു അസാധ്യ അഭിനയമാണ് സിനിമയിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. കഥാപാത്രത്തിന് ജീവന്‍ നല്‍കി അവതരിപ്പിക്കുകയായിരുന്നു കല്യാണി. എന്റെ ബാല്യകാലത്തെ സ്വപ്നങ്ങളെ കല്ലുമോളില്‍ക്കൂടി, ഒരിക്കല്‍ക്കൂടി സ്പര്‍ശിക്കാന്‍ കഴിഞ്ഞു എന്നൊരു തോന്നല്‍. കല്ലുവും, കല്ലുവിന്റെ അച്ഛനും, പിയൂഷുമെല്ലാം ഹൃദയം കവര്‍ന്നു’.

‘ശ്രീ ഉണ്ണി മുകുന്ദന്റെ അഭിനയം പലപ്പോഴും പ്രതീക്ഷകള്‍ക്കതീതമായിരുന്നു. ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹവും, കല്ലുവിന്റെ സ്വപ്ന സാക്ഷാത്കാരവും, ക്ലൈമാക്‌സുമെല്ലാം ഹൃദയത്തെ സ്പര്‍ശിച്ചുകൊണ്ടാണ് കടന്നുപോയത്’.

‘ശ്രീ രമേഷ് പിഷാരടിയും, ശ്രീ രണ്‍ജി പണിക്കരും, ശ്രീ മനോജ് കെ ജയനും, തുഷാരയും ഉള്‍പ്പടെ ചെറിയ റോളില്‍ എത്തി ദൃശ്യവിസ്മയം തീര്‍ത്ത അരുണ്‍ ആനേടത്ത് വരെ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ്’.

‘അയ്യപ്പസ്വാമിയെയും, വാവര് സ്വാമിയേയും, അചാരങ്ങളെയുമെല്ലാം കോര്‍ത്തിണക്കി ഗംഭീരമായകഥ ഒരുക്കിയ ശ്രീ അഭിലാഷ് പിള്ളയ്ക്കും, സംവിധായകന്‍ ശ്രീ വിഷ്ണു ശശിശങ്കറിനും, ചിത്രം നിര്‍മ്മിച്ച ശ്രീമതി നീനാ പിന്റോയ്ക്കും, ശ്രീമതി പ്രിയാ വേണുവിനും, ഒപ്പം അണിയറയിലെ ഓരോ വ്യക്തികള്‍ക്കും അഭിനന്ദനങ്ങള്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button