Latest NewsKeralaNews

സീറ്റ് കിട്ടാന്‍ വേണ്ടിയല്ല കരഞ്ഞത് ; പ്രവര്‍ത്തനങ്ങളുടെ ഫലം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിന്ദു കൃഷ്ണ

ദുരിതങ്ങളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നു എന്റെ ജീവിതം

കൊല്ലം : സീറ്റ് കിട്ടാന്‍ വേണ്ടിയല്ല കരഞ്ഞതെന്നും നിയമസഭാ സ്ഥാനാര്‍ത്ഥിത്വം താന്‍ കരഞ്ഞു വാങ്ങിയതാണെന്നത് തെറ്റിദ്ധാരണ മാത്രമെന്നും കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. തനിക്ക് സീറ്റില്ലെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ രോഷാകുലരായത്. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍ രാജിവെച്ചു. രാജി സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് ശേഷമാണ് താന്‍ സംഭവം അറിയുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. പെട്ടെന്നാണ് കൊല്ലത്ത് നിന്നും മാറി കുണ്ടറയില്‍ മത്സരിക്കുവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സീറ്റില്ലെന്ന വാര്‍ത്തയാണ് പ്രചരിച്ചതെന്നും അതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും ഉണ്ടായ വികാര പ്രകടനങ്ങളാണ് പിന്നീട് കണ്ടത്. ഇതിന് പിന്നാലെയാണ് വിവരമറിഞ്ഞ് തന്നെയും തന്റെ പ്രവര്‍ത്തനങ്ങളും അറിയാവുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ഡിസിസിയിലെത്തി പ്രതിഷേധം നടത്തിയത്. അവരുടെ കണ്ണുനീര്‍ കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി എന്നത് ശരിയാണ്. അത് സീറ്റ് കിട്ടാന്‍ വേണ്ടിയായിരുന്നില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതിന് ആരോടും പരിഭവമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

ആദിച്ചനല്ലൂര്‍ കട്ടച്ചല്‍ ജംങ്ഷനില്‍ ചായക്കട നടത്തി ജീവിച്ച വ്യക്തിയാണ് ഞാന്‍. ഇപ്പോഴും വാടക വീട്ടിലാണ് താമസം. ദുരിതങ്ങളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നു എന്റെ ജീവിതം. കഴിഞ്ഞ നാലരവര്‍ഷത്തെ എന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button