തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടുകേള്‍വി പോലുമില്ലാത്ത അപരിഷ്‌കൃതമായ രീതിയിലുള്ള കേസന്വേഷണത്തിലൂടെ രണ്ടു ദമ്പതികളെ പൊലീസ് എത്രമാത്രം പീഡിപ്പിച്ചെന്ന അവിശ്വസനീയമായ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.
‘പൊന്നുപോലെ വളര്‍ത്തിയ മകളെ രക്ഷിതാക്കള്‍ തന്നെ കൊന്നെന്നു പറയാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. പാവം മനുഷ്യനെ ക്രൂരമായി കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ടടിച്ചും ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞുമാണ് മകളെ കൊന്നെന്ന കുറ്റം സമ്മതിപ്പിച്ചത്. സഹോദര പുത്രനെയും ക്രൂരമായി മര്‍ദ്ദിച്ചു. കാന്‍സര്‍ രോഗിയായ അമ്മയെ പത്തും മുപ്പതും പൊലീസുകാര്‍ക്കിടയില്‍ ഇരുത്തി അസഭ്യം പറഞ്ഞും കസേര തല്ലിപ്പൊളിച്ചും ബന്ധുക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’, വി ഡി സതീശൻ പറഞ്ഞു.
’19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ഗുണ്ടകളേക്കാള്‍ ക്രൂരമായാണ് ഈ പ്രായമായവരോട് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. എത്ര അപരിഷ്‌കൃതമാണ് പൊലീസിന്റെ അന്വേഷണ രീതി. ശാസ്ത്രീയമായ ഒരു അന്വേഷണരീതിയും പൊലീസിനില്ലേ. മകളെ പീഡിപ്പിച്ച് കൊന്നെന്നു വരുത്തി തീര്‍ക്കാന്‍ മാതാപിതാക്കളോട് ചെയ്ത ക്രൂരതയില്‍ കേരളം അപമാനഭാരത്താല്‍ നാണിച്ചു തലതാഴ്ത്തുകയാണ്’, പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അമ്മ ക്യാന്‍സര്‍ രോഗിയാണ് അച്ഛന് ശാരീരിക അവശതകളുണ്ട്. ഇവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും പ്രതിപക്ഷം നല്‍കും.
പൊലീന്റെയും ഗുണ്ടകളുടെയും അതിക്രമം ഇതുപോലെ വര്‍ധിച്ചൊരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പൊലീസ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. പഴയകാല സെല്‍ഭരണത്തിന്റെ പുതിയ മോഡലാണ് കേരളത്തിലിപ്പോള്‍. ഒരു ഗുണ്ടയെ പോലും പൊലിസിന് അറസ്റ്റു ചെയ്യാനാകില്ല. അറസ്റ്റു ചെയ്താല്‍ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങും. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട ഗുണ്ടയെ കാപ്പയില്‍ ഇളവ് നല്‍കി ജയിലില്‍ നിന്നും പുറത്തിറക്കിയത് ആരാണെന്ന് അന്വേഷിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments