കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണമെന്നും വിഡി സതീശന്‍ പറഞ്ഞു.
‘പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അധിക്ഷേപിച്ചു. അപമാനിച്ചു. എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തി ഈ ഹാന്‍ഡിലുകള്‍. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. ഞങ്ങള്‍ നോക്കി നില്‍ക്കുന്നു. അത് അവരുടെ ആഭ്യന്തര കാര്യം’- വിഡി സതീശന്‍ പറഞ്ഞു.
read also: ബിജെപിക്ക് ജനങ്ങൾ നൽകിയ തങ്കകിരീടമാണ് ഈ വിജയം, തൃശൂരിലെ എംപിയായി ഒതുങ്ങില്ല: സുരേഷ് ഗോപി
‘കോണ്‍ഗ്രസിനെ നോക്കുന്ന സമയത്ത് കുറച്ചു നേരമെങ്കിലും സിപിഎമ്മില്‍ എന്താണു നടക്കുന്നതെന്നും കൂടി മാധ്യമങ്ങള്‍ നോക്കണം. എല്ലാ മാധ്യമങ്ങളും കുറച്ച് അങ്ങോടു കൂടി ഒന്നു തിരിഞ്ഞു നോക്കണം, അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. പൊട്ടിത്തെറിച്ചു കഴിഞ്ഞല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പൊട്ടിത്തെറിക്കുന്നതിനു മുമ്ബു തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മില്‍ ഉണ്ടാകും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്താണ്. സിപിഎം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചതെന്താണ്. രണ്ടും പരസ്പര വിരുദ്ധമാണ്. അസംബ്ലിയില്‍ കേരളത്തിലെ ജനങ്ങളോടല്ലേ, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കണക്കുകള്‍ വെച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. ആ കണക്കുകളല്ലല്ലോ എംവി ഗോവിന്ദന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതും എംവി ഗോവിന്ദന്‍ പറഞ്ഞതും ഇരു ധ്രുവങ്ങളിലാണുള്ളത്. രണ്ടു രീതിയിലാണ് അവര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ കണ്ടത്.’- സതീശൻ കൂട്ടിച്ചേർത്തു.
Post Your Comments