തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കെ.റെയില്‍ പദ്ധതി വെറും ദുരന്തമാണെന്ന് വീണ്ടും വിമര്‍ശനവുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിയുടെ വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വലിയ പാരിസ്ഥിതിക ദുരന്തമാണ് കേരള ജനതയെ കാത്തിരിക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.
‘കെ- റെയില്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. 500 മീറ്ററില്‍ ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍ ബ്രിഡ്ജുകളോ നിര്‍മിക്കുന്നതിനാല്‍ കെ.റെയില്‍ കേരളത്തെ വിഭജിക്കില്ലെന്നും, നിരപ്പായ ഇടങ്ങളില്‍ ആളുകളേയും, മൃഗങ്ങളേയും തടയാന്‍ ഇരുവശത്തും ഭിത്തികള്‍ നിര്‍മിക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിനാണ് വഴിയൊരുക്കുക. ഉറപ്പുള്ള ഭിത്തികള്‍ ഇരുവശത്തേക്കുമുള്ള കാഴ്ചകള്‍ മറയ്ക്കും. അതുകൊണ്ടുതന്നെ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കും. മാത്രമല്ല ഭിത്തികള്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ടിന് കാരണമാകും’ , ശ്രീധരന്‍ വ്യക്തമാക്കി.
‘പദ്ധതിയുടെ ഭാഗമായി 800 ലധികം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളോ, അണ്ടര്‍ ബ്രിഡ്ജുകളോ നിര്‍മിക്കേണ്ടിവരും. അങ്ങിനെയെങ്കില്‍ ഓരോന്നിനും 20 കോടിവെച്ച് ആകെ 16,000 കോടി രൂപ ചിലവ് വരും. നിലവിലെ എസ്റ്റിമേറ്റില്‍ ഈ ചിലവ് ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും’, ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
പ്രധാന പദ്ധതികളുടെ ഡിപിആര്‍ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് കള്ളമാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.
Post Your Comments