ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക സംഘടനകള്‍ തടഞ്ഞു. ഇതോടെ 20 മിനിട്ടോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങി. ഹുസൈനിവാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. മുന്‍കൂട്ടി അറിയിച്ച പ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. എന്നാല്‍ യാത്രയില്‍ ആവശ്യമായ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ പഞ്ചാബ് റാലിയും റദ്ദാക്കിയിട്ടുണ്ട്.
പഞ്ചാബിലെ ഭട്ടിണ്ടയിലാണ് രാവിലെ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിക്ക് രണ്ട് പരിപാടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഹുസൈനിവാലയില്‍ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുക എന്നതും, ഫിറോസ്പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുക എന്നതുമായിരുന്നു രണ്ട് പരിപാടികള്‍. ഉദ്ഘാടന പദ്ധതികള്‍ക്ക് ശേഷമാണ് റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഭട്ടിണ്ടയില്‍ നല്ല മഴയായതിനാല്‍ ഹെലികോപ്ടര്‍ യാത്ര ഒഴിവാക്കി റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഹെലികോപ്ടര്‍ യാത്ര തടസ്സപ്പെടുകയാണെങ്കില്‍ ബദലായി റോഡ് മാര്‍ഗ്ഗമുള്ള യാത്രയ്ക്കും ക്രമീകരണം ഒരുക്കണം. ഇത് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിട്ടുള്ള ക്രമീകരണമാണ്. പഞ്ചാബ് പോലീസിനോട് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്പിജി ചോദിച്ച് അറിഞ്ഞിരുന്നു. തുടര്‍ന്ന് പഞ്ചാബ് പോലീസാണ് ഹുസൈനിവാലയിലേക്ക് റോഡ് മാര്‍ഗം പോകാനാകുമെന്ന വിവരം നല്‍കിയത്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയത്. ഹുസൈനിവാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വെച്ചാണ് പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധക്കാര്‍ റോഡിലേക്ക് വരുന്നത് തടയാന്‍ പോലീസ് തയ്യാറായില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
Post Your Comments