തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിയുടെ പാക്കേജ് തള്ളി സമരസമിതി. പാക്കേജ് അല്ല പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ല ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍ പറഞ്ഞു.
‘തങ്ങള്‍ നഷ്ടപരിഹാരമല്ല ലക്ഷ്യമിടുന്നത്, പദ്ധതി ഉപേക്ഷിക്കണം എന്നതാണ് ആവശ്യം. പലയിടത്തും പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ട് ഇതുവരെ നല്‍കിയിട്ടില്ല. ഒരുപാട് സ്ഥലങ്ങളില്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല പാക്കേജ് ആണെന്നാണ് അന്നെല്ലാം പറഞ്ഞത്. പദ്ധതി ഉപേക്ഷിക്കണം എന്ന മുദ്രാവാക്യമാണ് ആദ്യം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത് ഉപേക്ഷിക്കുന്നത് വരെ സമരം തുടരും. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെ കുറിച്ച് ജനങ്ങള്‍ മനസിലാക്കി വരികയാണ്. അറിയുന്നവരെല്ലാം ഇതിന്റെ ഭീകരാവസ്ഥ മനസിലാക്കുന്നുണ്ട്. പുറത്ത് വന്ന ഡിപിആറിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്’ , ടി.ടി ഇസ്മയില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്ക് പുറമെ നഷ്ടപരിഹാരവും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മ്മിച്ച് നല്‍കും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് ഭൂമിയും ലൈഫ് മാത്യകയില്‍ വീടും നിര്‍മ്മിച്ച് നല്‍കും. അല്ലെങ്കില്‍ നഷ്ട പരിഹാരവും അഞ്ചു സെന്റ് ഭൂമിയും നാലു ലക്ഷം രൂപയും. അതുമല്ലെങ്കില്‍ നഷ്ടപരിഹാരവും ഭൂമിക്ക് പകരമായി ആറു ലക്ഷം രൂപയും അതുകൂടാതെ നാലു ലക്ഷം രൂപയും നല്‍കും.
കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയിലെ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. കച്ചവടസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് കെ റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ കടമുറി അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ടാകും. പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും. 9300ല്‍ അധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടി വരുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നഷ്ടപരിഹാരവും, നഗരത്തില്‍ രണ്ട് ഇരട്ടി നഷ്ടപരിഹാരവും നല്‍കും. 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാത്രമായി നീക്കി വയ്ക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Post Your Comments