Latest NewsKeralaNewsIndia

സംഘപരിവാർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രനെ ജയിലിലടക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട്. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് സാഹചര്യമൊരുക്കുന്ന പണിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചെയ്യുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തെ ചെറുക്കുമെന്നും സത്താര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള സത്യസന്ധമായ അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. എന്നാല്‍ എകപക്ഷിയമായ നീക്കം അനുവദിക്കില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി. . കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ സുരേന്ദ്രനേയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടു.

Also Read:മതത്തിനെതിരായതിനാൽ കേക്കിൽ ‘മെറി ക്രിസ്മസ്’ എഴുതിയില്ല, പല തവണ പറഞ്ഞിട്ടും കേട്ടില്ല: ബേക്കറിക്കെതിരെ പരാതിയുമായി യുവതി

‘ബിജെപിക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കൊലവിളികള്‍ കണ്ടാലറിയാം ഏതുതരം വിദ്യാഭ്യാസമാണ് ആര്‍എസ്എസ് തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നതെന്ന്. ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നാടുനീളെ നടന്ന് വീണ്ടും ആളുകളെ അക്രമത്തിനും കലാപത്തിനും പ്രേരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക കാംപയിന്‍ തന്നെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തിനിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍.

Also Read:ബഹ്‌റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി

കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. അമ്പലങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. അമ്പലം കയ്യേറി കൊടി കെട്ടിയെന്ന സംഭവം കേരളത്തിലെവിടേയും റിപോര്‍ട്ട് ചെയ്തിട്ടില്ല. വിശ്വാസത്തെ മറയാക്കി നുണകള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ മാതൃകയാണ് കേരളത്തില്‍ ആര്‍എസ്എസ് പയറ്റുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ആംബുലന്‍സുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണം. ആര്‍എസ്എസ് മുസ്ലിംകള്‍ക്കെതിരെ കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പോപുലര്‍ ഫ്രണ്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നിരവധി തവണ ആര്‍എസ്എസിന്റെ കലാപാഹ്വാന ശ്രമത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പോലിസ് മുഖവിലയ്‌ക്കെടുത്തില്ല. ഇത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് കാരണമാവുക. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുക്കണമെന്നും സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു’, സത്താർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button