
അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര ചക്കാട്ടി വീട്ടിൽ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലംപറമ്പിൽ വീട്ടിൽ കണ്ണൻ (24), പാറക്കവീട്ടിൽ ഷിനു (25) എന്നിവരാണ് പിടിയിലായത്.
അങ്കമാലി കിടങ്ങൂർ പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിനെയാണ് (40) ഈ മാസം ആറിന് അങ്കമാലി അങ്ങാടിക്കടവ് ഭാഗത്തുവെച്ച് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ മാർട്ടിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയായ ജോഫിനും മാർട്ടിന്റെ സുഹൃത്തും തമ്മിലുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ മാർട്ടിൻ ശ്രമിച്ചതിലെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
Read Also : 207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന: അൻവറിനെ പിന്തുടർന്ന് ഇഡിയും ആദായ നികുതി വകുപ്പും
സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഇവരെ കണ്ടെത്താൻ ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഊർജിത അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ എൽദോ പോൾ, സി.പി.ഒമാരായ ദിലീപ് കുമാർ, വിജീഷ്, പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments