ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് കളക്ടര്‍ വിളിച്ച സര്‍വക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മനഃപൂര്‍വ്വം മാറ്റിയ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ സര്‍വക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.
രഞ്ജിത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിജെപി നിലപാട്.
ജില്ലാഭരണകൂടത്തിന് സമാധാനം പുനഃസ്ഥാപിക്കാന്‍ താത്പര്യമില്ലെന്നും ഒരു ചടങ്ങായി മാത്രമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍ കുറ്റപ്പെടുത്തി. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ബോധപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു.
Post Your Comments