രാജ്യത്തെ ഞെട്ടിച്ച സൈനിക ഹെലികോപ്റ്റര്‍ ദുരന്തമാണ് 2021 ഡിസംബര്‍ എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഊട്ടിക്കടുത്ത കൂനൂരില്‍ ഉണ്ടായത്. വ്യോമസേനയുടെ എംഐ-17 വി-5 ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അന്ന് 13 പേര്‍ മരിച്ചു. അടുത്തകാലത്ത് ഇന്ത്യന്‍ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. മൂന്ന് സേനയെയും നിയന്ത്രിക്കുകയും സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്യുന്ന സംയുക്ത സൈനികമേധാവിയാണ് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വീരമൃത്യു വരിച്ചത്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് 14 പേരുമായി പറന്നുയര്‍ന്ന് കൂനൂര്‍ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് കട്ടേരി ഫാമില്‍ തകര്‍ന്നുവീണ് കത്തിയത്. മരിച്ചവരില്‍ ബിപിന്‍ റാവത്തിന് പുറമേ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്ങും ഉള്‍പ്പെടുന്നു. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് കത്തിയമര്‍ന്നത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബര്‍ 17ന് വിടവാങ്ങിയതോടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന 14 പേരും ഓര്‍മ്മയായി.
Post Your Comments