തിരുവനന്തപുരം : പ്രതിരോധ മേഖലയില്‍ ലോകശക്തി രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 51.27 ലക്ഷം സൈനികരാണ് രാജ്യത്ത് ഉള്ളത്. സ്വന്തം കഠിനപ്രയത്നത്താല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവല്‍ നില്ക്കുന്നവര്. അവരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാതെ രാജ്യത്തെ സേവിക്കുന്നവര്‍. ഭീകരര്‍ ഇവരെയാണ് പലപ്പോഴും ലക്ഷ്യം വെക്കുന്നത്. 2021 ല്‍ മൂന്ന് മലയാളി സൈനികരാണ് വീരമൃത്യു വരിച്ചത്.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വൈശാഖ്
2021 ഒക്ടോബറില്‍ ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാന് എച്ച് വൈശാഖ്. കുടവട്ടൂര്‍ വിശാഖത്തില് ഹരികുമാര്‍ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. അഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും.
കശ്മീരില്‍ വീരമൃത്യു വരിച്ച അനീഷ് ജോസഫ്
ഇക്കഴിഞ്ഞ ഡിസംബര്‍ 13 തിങ്കളാഴ്ചയാണ് കശ്മീരിലെ ബാരാമുള്ളയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ ബിഎസ്എഫ് ജവാനായ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് മരിച്ചത്. അനീഷ് കാവല്‍ നിന്നിരുന്ന ടെന്റിന് തീപിടിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. ടെന്റിനുള്ളിലെ തണുപ്പ് നിയന്ത്രിക്കാനുള്ള ഹീറ്ററില്‍ നിന്ന് തീപടരുകയായിരുന്നു. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കും. ഈ മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കവേയാണ് ദാരുണ സംഭവം.
കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വീരമൃത്യു വരിച്ച എ.പ്രദീപ്
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് മലയാളിയായ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപ് ആണ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ട് ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്.
Post Your Comments