Latest NewsNewsIndia

ഇന്ത്യയുടെ ആദ്യ സിഡിഎസ്, ശത്രുക്കള്‍ക്ക് ഏറെ ഭയമുള്ള ജ്വലിക്കുന്ന നാമം : ബിപിന്‍ റാവത്ത്

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വിടവാങ്ങിയ ഇന്ത്യയുടെ ആദ്യ സിഡിഎസ്

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ എട്ടിന് ഊട്ടിക്കു സമീപം കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ്‌ വിട വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്.

ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി തുടര്‍ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.

 

അമേരിക്കയിലെ കന്‍സാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളജില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും മാനേജ്‌മെന്റിലും കംപ്യൂട്ടര്‍ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിഎച്്ഡി നേടിയിട്ടുണ്ട്.

1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ േസവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button