കോട്ടയം: കൈക്കൂലി കേസിൽ പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന്‍റെ ഫ്ലാറ്റിലെ റെയ്ഡിൽ വിജിലൻസ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിൽ അടുക്കളയിലും ബക്കറ്റിലുമൊക്കെ സൂക്ഷിച്ചിരിക്കുകയായിരുന്നു നോട്ടുകൾ. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്‍റെയും പത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ചതിന്‍റെയും രേഖകൾ വിജിലൻസ് കണ്ടെത്തി.
കോട്ടയത്തെ വ്യവസായിയിൽ നിന്ന് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എ എം ഹാരിസ് വിജിലൻസ് പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഹാരിസിന്‍റെ ആലുവയിലെ ആഢംബര ഫ്ളാറ്റിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഞെട്ടിയത്.
നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ നോട്ടുകൾ. ഓരോ കവറിലും അൻപതിനായിരത്തോളം രൂപ! ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിനറ്റിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു.
ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലൻസ് സംഘം ആകെ കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ഇത് ആദ്യമെന്ന് വിജിലൻസ് സംഘം പറയുന്നു. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജർമ്മനി, റഷ്യ, ദുബായ്, പട്ടായ അടക്കമുള്ള പത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ച രേഖകൾ. ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റർ. രണ്ടുലക്ഷം രൂപയുടെ ടിവി. ഇവയെല്ലാം ഫ്ലാറ്റിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു.
ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റിന്‍റെ വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെൻറ് വസ്തുവും വീടും ഉണ്ട്. അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും.
ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയിൽ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയർന്നിരുന്നു. തുടർന്ന് പാലാ പ്രവിത്താനത്തുള്ള വ്യവസായിയുടെ പരാതിയിലെ വിജിലൻസ് കെണിയിൽ ഇയാൾ പെടുകയായിരുന്നു. ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Post Your Comments