മലപ്പുറം: കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി. സുരേഷ് ആണ് ശിക്ഷിക്കപ്പെട്ടത്.
രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സുരേഷ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2009 ജനുവരി 23-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാരക്കുണ്ട് ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച ടൈൽ ആൻഡ് സിറാമിക് കടയുടെ ഉടമസ്ഥനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. കരുവാരക്കുണ്ട് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി സുരേഷ്, കടയ്ക്ക് ലൈസൻസ് അനുവദിക്കുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. 2009 ജനുവരി 23-ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം വിജിലൻസ് മുൻ ഡി.വൈ.എസ്.പി അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന്, വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസില്‍ സുരേഷ് കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് വകുപ്പുകളിലായി ഒരു വർഷം വീതം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അരുൺനാഥ് ഹാജരായി.
Post Your Comments