മുംബൈ: മഹാരാഷ്ട്രയിലും കര്‍ണാടകയിലും നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തതോടെ കേന്ദ്രസർക്കാർ ശരിയായ പാതയിലാണെന്നാണ് പൊതുവെ വിലയിരുത്തൽ. മഹാരാഷ്ട്രയില്‍ 6 സീറ്റില്‍ നാലിലും ബിജെപി വിജയിച്ചത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് (മഹാവികാസ് അഘാഡി) സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. കൗണ്‍സിലിലെ ചീഫ് വിപ്പായ മുതിര്‍ന്ന നേതാവ് ഗോപികിഷന്‍ ബജോരിയയുടെ അകോള-ബുള്‍ഡാന-വാഷിം സീറ്റ് ബിജെപി പിടിച്ചെടുത്തതു ശിവസേനയ്ക്കു പ്രഹരമായി.
നാഗ്പുരില്‍ ബിജെപി മുന്‍ മന്ത്രിയാണു ജയിച്ചത്. ശക്തികേന്ദ്രങ്ങളില്‍ ബിജെപി ജയം നിലനിര്‍ത്തുകയും ബാക്കിയുള്ളിടം പിടിച്ചെടുക്കുകയുമായിരുന്നു. നാലിടത്ത് ഒത്തുതീര്‍പ്പിനെത്തുര്‍ന്ന് ബിജെപി 2 സീറ്റിലും ശിവസേനയും കോണ്‍ഗ്രസും ഓരോന്നിലും എതിരില്ലാതെ ജയിച്ചു. ശേഷിച്ച 2 ഇടത്തായിരുന്നു വോട്ടെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്വോട്ടയിലുള്ള സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോര്‍പറേറ്റര്‍മാരാണ് വോട്ടര്‍മാര്‍. 78 അംഗ കൗണ്‍സിലില്‍ എംഎല്‍എമാര്‍, അദ്ധ്യാപകര്‍, ഗ്രാജ്വേറ്റ്‌സ്, നാമനിര്‍ദേശ അംഗങ്ങള്‍ എന്നിങ്ങനെയാണു മറ്റു ക്വോട്ടകള്‍.
മഹാരാഷ്ട്രയിൽ സഖ്യത്തിന് തിരിച്ചടിയാണ് ബിജെപിയുടെ വിജയം. ഇതോടെ വരും തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം കൊയ്യുമെന്നാണ് മഹാവികാസ് അഘാടി സഖ്യത്തിന്റെ ആശങ്ക. ഇത് ഉദ്ധവിന്റെ ശിവസേനയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാനും ഇടയുണ്ട്. അതേസമയം കർണാടകയിലെ സ്ഥിതിയും മറിച്ചല്ല. കര്‍ണാടകയില്‍ 25 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 11 ഇടത്തു വിജയിച്ചെങ്കിലും 75 അംഗ കൗണ്‍സിലില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു സീറ്റ് കുറവുണ്ട്. കോണ്‍ഗ്രസ്-11, ദള്‍-2, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് മറ്റു വിജയങ്ങള്‍.
ആകെ ബിജെപി അംഗബലം 32ല്‍ നിന്ന് 37 ആയി. കോണ്‍ഗ്രസ് 29ല്‍ നിന്ന് 26ആയും ദള്‍ 12ല്‍ നിന്ന് 10 ആയും കുറഞ്ഞു. തദ്ദേശഭരണ ക്വോട്ടയില്‍ ബിജെപി-6, കോണ്‍ഗ്രസ്-14, ദള്‍-4, സ്വതന്ത്രന്‍1 എന്നിങ്ങനെ എംഎല്‍സിമാര്‍ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.ഒരിടവേളക്ക് ശേഷം കര്‍ണാടകയില്‍ വീണ്ടും ജെ ഡി എസും ബിജെപിയും സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളും ശക്തമാണ്. ഇതിനുള്ള സാധ്യത കൂട്ടുകയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്.
ഉപരിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിജെപി ദീര്‍ഘനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബില്ലുകള്‍ പാസാക്കുന്നതിന് ജെ ഡി എസിനെ ആശ്രയിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. ജെ ഡി എസ് സഖ്യം ഫലത്തില്‍ വന്നാല്‍ കോണ്‍ഗ്രസുമായുള്ള അന്തരം വലിയ തോതില്‍ വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിക്കും.
Post Your Comments