മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ തകർക്കുകയാണ്. മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണങ്ങളിൽ മമ്മൂട്ടിക്കെതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി രംഗത്ത് വന്നിരുന്നു. പോസ്റ്റ് വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ രംഗത്ത്.
ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോടെ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്നപേരിലാണ് കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്. ഇതിനെതിരെ വൻ പ്രതിഷേധമായിരുന്നു തുടർന്നത്. ഇതോടെയാണ് വിമൽ കുമാർ മാപ്പ് ചോദിച്ച് മറ്റൊരു പോസ്റ്റ് ഇട്ടത്. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകുമെന്നും ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലെന്നും വിമൽ വിശദീകരിച്ചു.
ആദ്യത്തെ പോസ്റ്റിന്റെ പൂർണ രൂപം:
‘മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ’ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികൾക്കെതിരെ മൗനം വെടിയണം.ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.’ എന്നായിരുന്നു വിമൽ കുമാറിന്റെ ആദ്യ പോസ്റ്റ്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ രൂക്ഷമാറുകയും ചെയ്തു. പോസ്റ്റിൽ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വൻ വിവാദമായതോടെ വിമൽ കുമാർ പോസ്റ്റ് പിൻവലിച്ചു.
തുടർന്ന് വിമൽ കുമാർ തന്നെ ഇതിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റിലൂടെ എത്തി
‘AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..’ എന്നും വിമൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments