
മലപ്പുറം: കൊളത്തൂരിൽ ഭാര്യാസഹോദരന്റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതിന്റെ മകൻ തുളുവത്ത് ജാഫറാണ് (36) കൊല്ലപ്പെട്ടത്. ജാഫറിന്റെ ഭാര്യാസഹോദരൻ വെസ്റ്റ് കോഡൂർ തോരപ്പ അബ്ദുൽ റൗഫാണ് (41) പ്രതി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മക്കരപ്പറമ്പിനടുത്ത ചെറുപുഴ ആറങ്ങോട്ടു പാലത്തിലാണ് ജാഫർ വെട്ടേറ്റ് മരിച്ചത്. പ്രതി അബ്ദുൽ റൗഫിനും കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കാറിൽ മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജാഫറിനെ ഇന്നോവ കാറിലെത്തിയ അബ്ദുൽ റൗഫ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്തർക്കത്തിനൊടുവിൽ ഇരുവരും കൈയിൽ കരുതിയ ആയുധങ്ങളെടുത്ത് പരസ്പരം ആക്രമിക്കുകയായിരുന്നു.
നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നതായിട്ടാണ് സൂചന. ജാഫറിന്റെ ബന്ധുക്കളുടെ പരാതിയിൽ കൊളത്തൂർ പൊലീസ് പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
ജില്ല പൊലീസ് മേധാവി സുജിത് ദാസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സജിത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് പൂർത്തീകരിച്ചു. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Post Your Comments